Asianet News MalayalamAsianet News Malayalam

'ഇനി വിഐപി സംസ്കാരം വേണ്ട': നാവികസേനയിൽ സമത്വത്തിന് ആഹ്വാനം ചെയ്ത് പുതിയ തലവൻ

കീഴ്‌ജീവനക്കാ‍‍‍രോട് പാദസേവകരെന്ന മട്ടിൽ പെരുമാറരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നി‍ര്‍ദ്ദേശം

Indian Navy new Chief orders to end VIP culture
Author
New Delhi, First Published Jun 5, 2019, 5:39 PM IST

ദില്ലി: ഇന്ത്യൻ നാവികസേന തലവനായി ചുമതലയേറ്റ ഉടൻ അഡ്മിറൽ കരംബി‍ര്‍ സിങ് പുറപ്പെടുവിച്ച 26 നി‍ദ്ദേശങ്ങളടങ്ങിയ ഉത്തരവിൽ വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യം. സേനയിൽ കീഴ്ജീവനക്കാരെ പാദസേവകരായി ഉയര്‍ന്ന ജീവനക്കാര്‍ കാണരുതെന്നും അവരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സേനയിൽ മതപരമായ ആഘോഷങ്ങൾക്കും പുതിയ തലവൻ നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സേനയിൽ ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ് 26 ഇന നി‍ര്‍ദ്ദേശങ്ങൾ. റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങൾ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവിലുണ്ട്.

നാവികസേന കേന്ദ്രങ്ങളിൽ ഉയര്‍ന്ന ഓഫീസര്‍മാര്‍ എത്തുമ്പോൾ അനാവശ്യമായി ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്. നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറൽ സുനിൽ ലാംബ വിരമിച്ചതിന് പിന്നാലെയാണ് മെയ് 31 ന് കരംബീ‍ര്‍ സിങ് സ്ഥാനമേറ്റെടുത്തത്.

നാവികസേനയിൽ നാല് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ട് ഇദ്ദേഹത്തിന്. വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു മുൻപ് ഇദ്ദേഹം.

Follow Us:
Download App:
  • android
  • ios