ഹൈഡ്രജൻ ഊർജ്ജം റെയിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും ഇടംപിടിച്ചു
ചെന്നൈ: ഹരിത റെയിൽ നവീകരണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ കോച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സിൽ പങ്കുവച്ചത്. ഇന്ത്യ നിലവിൽ 1,200 എച്ച്.പി. ശേഷിയുള്ള ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുകയാണെന്നും ഇത് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയിൽ ആഗോള തലത്തിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈഡ്രജൻ ഊർജ്ജം റെയിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും ഇടംപിടിച്ചു. 'ആദ്യ ഹൈഡ്രജൻ പവർഡ് കോച്ച് ചെന്നൈയിലെ ഐസി എഫിൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ 1,200 എച്ച്പി ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുകയാണ്. ഇത് ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കും" എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.
2023-ൽ, "ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്" സംരംഭത്തിന് കീഴിൽ 35 ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചിരുന്നു. ഓരോ ട്രെയിനിനും ഏകദേശം 80 കോടി രൂപയും പൈതൃക, മലയോര റൂട്ടുകളിലെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കായി ഓരോ റൂട്ടിനും 70 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡി.ഇ.എം.യു) ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളിലേക്ക് മാറ്റുന്നതിനുള്ള 111.83 കോടി രൂപയുടെ പൈലറ്റ് പ്രോജക്ടും ആരംഭിച്ചിട്ടുണ്ട്. ഇത് നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോനിപത് പാതയിൽ ഓടും. ഹൈഡ്രജൻ ട്രെയിനുകളുടെ പ്രാരംഭ പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും, കാലക്രമേണ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ഹൈഡ്രജൻ ഊർജ്ജത്തിലൂടെ ഇന്ത്യയുടെ കാർബൺ രഹിത യാത്രാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.

