കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറിയിലാണ് എസി ജനറല്‍ സെക്കന്‍റ് ക്ലാസ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. 

ദില്ലി: ഈ വര്‍ഷം അവസാനത്തോടെ എയര്‍ കണ്ടീഷന്‍ ചെയ്ത സെക്കന്‍റ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ എ.സി 3ടയര്‍ ഇക്കോണമി ക്ലാസുകള്‍ അവതരിപ്പിച്ച പോലെ, റിസര്‍വേഷന്‍ ഇല്ലാത്ത കംപാര്‍ട്ടുമെന്‍റുകള്‍ എ.സിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. 

കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറിയിലാണ് എസി ജനറല്‍ സെക്കന്‍റ് ക്ലാസ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. സാധാരണക്കാരുടെ റെയില്‍ യാത്രയുടെ രീതി തന്നെ മാറ്റുന്ന പദ്ധതിയാണ് ഇത്, സെക്കന്‍റ് ക്ലാസ് യാത്രകള്‍ അത്രയും കംഫര്‍ട്ടബിള്‍ ആയിരിക്കും - ആര്‍സിഎഫ് ജനറല്‍ മാനേജര്‍ രവീന്ദര്‍ ഗുപ്ത ഇത് സംബന്ധിച്ച് പറഞ്ഞു.

സെക്കന്‍റ് ക്ലാസ് എസി കോച്ചുകളുടെ രൂപരേഖ ഇതിനകം തന്നെ കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറി നിശ്ചയിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്‍റെ നിര്‍മ്മാണ ചിലവ് 2.24 കോടി എങ്കിലും വരുമെന്നാണ് കണക്ക്. ഈ കോച്ചുകള്‍ പ്രധാനമായും ഉപയോഗിക്കുക മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ദീര്‍‍ഘദൂര മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലാണ്.