ഒമാൻ തീരത്ത് കപ്പലിൽ വെച്ച് തമിഴ്‌നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ നിശാന്ത് ഉയിർത്തനാഥൻ മരണപ്പെട്ടു. പ്രാദേശിക സംഘർഷങ്ങൾ കാരണം വൈദ്യസഹായം വൈകിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ, മൃതദേഹം നാട്ടിലെത്തിക്കാൻ മസ്കറ്റിലെ ഇന്ത്യൻ എംബസി ശ്രമങ്ങൾ ആരംഭിച്ചു.

മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിയായ നിശാന്ത് ഉയിർത്തനാഥൻ (35) എന്ന നാവികനാണ് കപ്പലിൽ വെച്ച് മരണപ്പെട്ടത്. ‘എംടി സെലസ്റ്റിയൽ’ എന്ന ചരക്കുകപ്പലിലെ സെക്കൻഡ് ഓഫീസറായിരുന്നു ഇദ്ദേഹം. മരണപ്പെട്ട നാവികന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 11-നാണ് നിശാന്ത് കപ്പലിൽ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാൽ, ഈ മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു.

മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാൻ ഉള്ള സൗകര്യങ്ങൾ കപ്പലിൽ ഇല്ലാത്തതിനാൽ മൃതദേഹം ജീർണ്ണിക്കാൻ തുടങ്ങിയതായും കപ്പലിലെ ജീവനക്കാർ ആശങ്ക പങ്കുവെച്ചു. ഒമാനിലെ ദുഖ്ം പോർട്ട് കൺട്രോളുമായി കപ്പലിന്റെ ക്യാപ്റ്റൻ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സഹായം വൈകുകയായിരുന്നു.

കപ്പലിലെ സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരമറിഞ്ഞതിനെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഒമാൻ നാവികസേനയുമായും തീരസംരക്ഷണ സേനയുമായും ഏകോപിച്ച് മൃതദേഹം കരയ്ക്കെത്തിക്കാനും തുടർന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കാനുമുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ മൃതദേഹം തമിഴ്‌നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.