വെനസ്വേലയിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികന്റെ മൃതദേഹം ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത നിലയിൽ നാട്ടിലെത്തിച്ചു. തലകറങ്ങി വീണ് ഹൃദയാഘാതം സംഭവിച്ചുവെന്ന കമ്പനിയുടെ വാദം തള്ളി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാവികരുടെ സംഘടനയും രംഗത്തെത്തി.

ദില്ലി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്റെ (33) മൃതദേഹമാണ് തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വൻ ദുരൂഹത ആരോപിച്ച് നാവികന്റെ കുടുംബവും ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യയും രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് മാസത്തിലാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ രാകേഷ് ചൗഹാൻ വെനസ്വേലയിൽ വെച്ച് മരിച്ചത്. തലകറങ്ങി വീണതിനെ തുടർന്നുണ്ടായ പരിക്കാണെന്നും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ മരണം നടന്ന് ഒരു മാസത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിദേശത്ത് പോസ്റ്റ്‌മോർട്ടം നടത്തിയ വിവരം കമ്പനി മറച്ചുവെച്ചതിനെ തുടർന്ന് സംശയം തോന്നിയ കുടുംബം ഡിയോറിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ ഇന്ത്യയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് രാകേഷിന്റെ തലച്ചോറ്, ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ, പ്ലീഹ, അണ്ണാക്ക്, പിത്തസഞ്ചി, കുടലുകൾ എന്നിവയെല്ലാം പൂർണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തിയത്.

ആന്തരികാവയവങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ മരണകാരണം വ്യക്തമാക്കുന്ന ഫോറൻസിക് പരിശോധന പോലും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. കൂടാതെ കഴുത്ത് മുതൽ അടിവയർ വരെയും ഇരു ചെവികൾക്ക് കുറുകെ ഉൾപ്പെടെ ശരീരത്തിൽ 22 ഓളം വലിയ തുന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ അനുമതിയില്ലാതെ എന്തിനാണ് അവയവങ്ങൾ മാറ്റിയതെന്നും ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്തുകൊണ്ട് കൈമാറിയില്ലെന്നും ചോദിച്ച് നാവികരുടെ സംഘടന രംഗത്തെത്തി. മരണ സർട്ടിഫിക്കറ്റിലെ ഒപ്പുകളിലും ജോലി ചെയ്ത കപ്പലിന്റെ വിവരങ്ങളിലും വലിയ തിരിമറികൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വലിയ ഒത്തുകളി നടന്നിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു. സംഭവത്തിൽ വെനസ്വേലയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും മരണത്തിൽ സമഗ്രമായ അന്വേഷണവും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.