പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഇന്‍ഡിഗോ പൈലറ്റ് ഭീഷണിപ്പെടുത്തിയതായി പരാതി. 

ബെംഗളൂരു: പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. 

ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Read More: ഇന്ത്യാ സന്ദർശനത്തിന് ഇറാന്‍ വിദേശകാര്യമന്ത്രി ദില്ലിയില്‍; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‍ച നടത്തും

എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്. 

Scroll to load tweet…