കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്. ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.  

ദില്ലി: ഇന്ത്യയും ചൈനയും (India China) തമ്മിൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അരുണാചൽ അതിർത്തിയിൽ (Arunachal border) സംഘർഷം ഉണ്ടായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്. ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. 

അരുണാചൽപ്രദേശിലെ ബുംലാ യാങ്സി ചുരങ്ങൾക്കിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സേനകൾ മുഖാമുഖം വന്നത്. ഇരുന്നൂറിലധികം ചൈനീസ് സൈനികർ ഇന്ത്യയുടെ ബങ്കറുകൾക്ക് അടുത്തെത്തുകയായിരുന്നു. ചിലർ ഇന്ത്യയുടെ ബങ്കറുകൾ തകർക്കാൻ ശ്രമിച്ചു. ഇന്ത്യൻ സൈനികർ ഇത് പ്രതിരോധിച്ചു. ഏതാനും മണിക്കൂറുകൾ രണ്ടു സൈന്യവും മുഖാമുഖം നിന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഘർഷം ഒഴിവാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടു. ചില ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞു വച്ചു. പ്രാദേശിക കമാൻഡർമാർ ച‍ർച്ചയിലൂടെ പ്രശ്നം പരിഹരിച്ചു. 

ചൈനീസ് സേന എത്രത്തോളം പിൻമാറി എന്ന് വ്യക്തമല്ല. ഇന്ത്യ ചൈന നിയന്ത്രണരേഖ വ്യക്തമായി തീരുമാനിക്കാത്ത സാഹചര്യത്തിലാണ് ഈ സ്ഥിതി ആവർത്തിക്കുന്നത് എന്ന് വിശദീകരിച്ച് വിഷയം തണുപ്പിക്കാനാണ് ഇന്ത്യയും ശ്രമിക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുമ്പോഴാണ് അരുണാചൽ പ്രദേശിലെ ഈ സംഭവം പുറത്തു വരുന്നത്. രണ്ടായിരത്തി പതിനേഴിൽ ദോക്ലാമിലെ ചൈനീസ് കടന്നുകയറ്റത്തിനു ശേഷമുള്ള സംഘർഷ സ്ഥിതി രണ്ടു മാസത്തിനു ശേഷമാണ് പരിഹരിച്ചത്. അഫ്ഗാനിലെ സാഹചര്യം വാഷിംഗ്ടണിൽ നടന്ന ക്വാഡ് ഉച്ചകോടി എന്നിവയ്ക്കു ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിലും ഉലച്ചിൽ കാണുന്നുണ്ട്. അതിർത്തിയിൽ കൂടുതൽ ടെൻറുകൾ കെട്ടിയും ഹെലിപാടുകൾ നിർമ്മിച്ചും ചൈന നടത്തുന്ന പ്രകോപനം നേരിടുമെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കരസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല..

YouTube video player

Updating...