ഇന്റോര്‍: മധ്യപ്രദേശിലെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായ ഇന്റോറിലെ പൊലീസുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഗാനവുമായി ഇന്‍സ്‌പെക്ടര്‍ ജനറല്‍. വൈറസിനെ ചെറുക്കാന്‍ പൊരുതുന്ന പൊലീസുകാരെ അഭിനന്ദിക്കാന്‍ കൂടി വേണ്ടിയാണ് അദ്ദേഹം പാടിയിരിക്കുന്നത്. 

നമ്മള്‍ മുന്നേറും നമ്മള്‍ മുന്നേറും നമ്മള്‍ മുന്നേറും ഒരു നാള്‍ എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. '' ഈ ഗാനത്തില്‍ നമുക്ക് നല്‍കാനൊരു സന്ദേശമുണ്ട്. നമ്മള്‍ ഒരുമിച്ച് പോരാടിയാല്‍ നമുക്ക് വിജയിക്കാനാകും. കൊറോണയെ ഭയക്കരുത്. ഈ പോരാട്ടത്തില്‍ നമ്മള്‍ വീണേക്കാം. പക്ഷേ മറ്റുള്ളവര്‍ വീഴാന്‍ നമ്മള്‍ അനുവദിക്കില്ല. നമ്മള്‍ തുടര്‍ച്ചയായി പൊരുതിയാല്‍ വിജയം നമ്മുടേതായിരിക്കും. ഇത് ഒരു അവസരമായി എടുക്കാം... നിങ്ങളുടെ പോരാട്ടത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ഐജി വിവേക് ശര്‍മ്മ പറഞ്ഞു. 

വി ഷാള്‍ ഓവര്‍ കം എന്ന ഗാനത്തിന് ഹിന്ദി കവി ഗിരിജാ കുമാര്‍ മഥുര്‍ നല്‍കിയ വിവര്‍ത്തനമായ ഹം ഹോംഗേ കാ്ംയാബ് എന്ന ഗാനമാണ് അദ്ദേഹം പാടിയത്. 1960 ല്‍ അമേരിക്കയില്‍ നടന്ന പൗരത്വാവകശാ മുന്നേറ്റത്തില്‍ രൂപംകൊണ്ടതാണ് ഈ കവിത. പിന്നീട് ലോകം മുഴുവന്‍ ഇത് ഏറ്റെടുത്തു. 'നമ്മള്‍ മുന്നേറും നമ്മള്‍ മുന്നേറും നമ്മള്‍ മു്‌ന്നേറും ഒരു നാള്‍' - എന്ന വരികളോടെ മലയാളത്തിലും ഈ ഗാനം പ്രശസ്തമാണ്.