ത്രിപുര: പ്ലാസ്റ്റിക്  മാലിന്യം കുറയ്ക്കാന്‍ അടിപൊളി ഐഡിയയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥനെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കിട്ടിയത് തൊഴിലവസരം. ദിവസേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചൂലുകള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാലിന്യ പ്രശ്നത്തിനാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രസാദ് റാവു പരിഹാരം കണ്ടെത്തിയത്. ത്രിപുരയില്‍ നിന്നുള്ളതാണ് വാര്‍ത്ത.

ചൂല്‍ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് രാജ്യത്ത് ഒരു വര്‍ഷമുണ്ടാകുന്നത് 40000 മെട്രിക് ടണ്‍ മാലിന്യമാണ്. ഇവ പലപ്പോഴും കൃത്യമായി സംസ്കരിക്കപ്പെടാതെ പരിസ്ഥിതിയിലേക്ക് എത്തുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമായി എത്തുന്നത് മുളയാണ്. പരിസ്ഥിതിയില്‍ സുലഭമായി ലഭിക്കുന്ന മുളയുപയോഗിച്ച് ചൂലുകള്‍ നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ കൂടി സഹായം തേടിയതോടെ ലോക്ക്ഡൌണ്‍ കാലത്ത് ആയിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്കാണ് തൊഴില്‍ അവസരം ലഭിച്ചത്. 

വനംവകുപ്പാണ് ഈ ചൂലിന്‍റെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ത്രിപുരയിലും പരിസരങ്ങളിലുമുള്ള ആദിവാസി കുടുംബങ്ങളുടെ സഹകരണത്തോടെയാണ് ചൂല്‍ നിര്‍മ്മാണം. വന്‍ ധന്‍ വികാസ് കാര്യക്രം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് അനുകരണീയമായ ഈ മാതൃത 2010 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രസാദ് റാവു നടപ്പിലാക്കിയത്. 

ഒരു വര്‍ഷം കൊണ്ട് 4 ലക്ഷം ചൂലുകള്‍ നിര്‍മ്മിക്കാന് പദ്ധതിയെന്ന് പ്രസാദ് റാവു ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. 50-170 രൂപ വരെ പ്ലാസ്റ്റിക് നിര്‍മ്മിത ചൂലുകള്‍ക്ക് ഈടാക്കുമ്പോള്‍ 35-40 രൂപവരെയാണ് മുളകൊണ്ടുള്ള ഈ ചൂലുകള്‍ക്ക് വിലയുള്ളത്. നിലവില്‍ ത്രിപുരയിലും പരിസരത്തും മാത്രമാണ് ഈ ചൂലുകള്‍ വില്‍പനയ്ക്ക് എത്തുന്നത്. വില്‍പന മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന സൂചനയും നല്‍കുന്നുണ്ട് ഈ ഉദ്യോഗസ്ഥന്‍.