കഴിഞ്ഞ ദിവസം കാടിറങ്ങിയ ആറ് കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ഫോറസ്റ്റ് ജീവനക്കാർ നടത്തവേ രാജു ഇവർക്കൊപ്പം കൂടി. ഒപ്പം വരരുതെന്ന് ജീവനക്കാർ താക്കീത് നൽകിയിട്ടും രാജു കേട്ടില്ല.
ബംഗളൂരു: സിനിമയിലെ രംഗം അനുകരിച്ച് മദ്യ ലഹരിയിൽ ആനയെ ചുംബിക്കാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ. ബംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മേലൂരിലുള്ള ഡോഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. രാജു എന്ന യുവാവാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
സ്ഥിരമായി കാട്ടാനാകൾ ഇറങ്ങാറുള്ള പ്രദേശമായിരുന്നു ഡോഡി. കഴിഞ്ഞ ദിവസം കാടിറങ്ങിയ ആറ് കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ഫോറസ്റ്റ് ജീവനക്കാർ നടത്തവേ രാജു ഇവർക്കൊപ്പം കൂടി. ഒപ്പം വരരുതെന്ന് ജീവനക്കാർ താക്കീത് നൽകിയിട്ടും രാജു കേട്ടില്ല. നിരവധി പേർ ആനകളെ ഓടിക്കുന്നത് കാണാൻ ചുറ്റും കൂടുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങളുടെ ബഹളം കേട്ട് പ്രകോപിതരായ ആനകൾ ഇവർക്ക് നേരെ പാഞ്ഞു.
ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ജനങ്ങളും ഫോറസ്റ്റ് അധികൃതരും ഓടിമറയുകയായിരുന്നു. ഒടുവിൽ ബഹളം ശാന്തമായപ്പോഴാണ് രാജു കൂടെയില്ലത്ത കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശേഷം നടത്തിയ അന്വേഷണത്തിൽ മുഖത്ത് പരിക്കേറ്റ് ചേരവാർന്ന നിലയിൽ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് പരിക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ആന ചുഴറ്റി എറിയുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുകയായിരുന്നു. താൻ സിനിമയിലെപോലെ ചെയ്യുമെന്ന് രാജു സുഹൃത്തുക്കളോട് വമ്പ് പറഞ്ഞിരുന്നുവെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.
