Asianet News MalayalamAsianet News Malayalam

ഇൻസ്റ്റൻ്റ് ലോണ്‍ ആപ്പിലൂടെ 300 കോടിയിലേറെ തട്ടിയ സംഘം മുംബൈ പൊലീസിൻ്റെ പിടിയിൽ

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈയിലെ മലാഡിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് വൻ റാക്കറ്റിലേക്ക് എത്തിയത്

Instant loan app fraud
Author
Mumbai, First Published Jul 28, 2022, 11:21 PM IST

മുംബൈ: ഇൻസ്റ്റന്‍റ് ലോൺ ആപ്പിലൂടെ (Instant Loan App Fraud) തട്ടിപ്പ് നടത്തുന്ന വൻ സംഘത്തെ പിടികൂടി മുംബൈ പൊലീസ് (Mumbai Police). 300 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ 14 അംഗ സംഘത്തെയാണ് പിടികൂടിയത്. ഇവർക്ക് ചൈനീസ് ബന്ധമുണ്ടെന്നാണ് അന്വേഷത്തിൽ കണ്ടെത്തിയത്. 

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈയിലെ മലാഡിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് വൻ റാക്കറ്റിലേക്ക് എത്തിയത്. ഹലോ ക്യാഷ് എന്ന ആപ്പിലൂടെയാണ് യുവാവ് പണമെടുത്തത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ യുവാവിൻ്റെ സംഘം ഹാക്ക് ചെയ്യുകയും മോര്‍ഫിംഗിലൂടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് കോണ്ടാക്ടിലുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 

നാണക്കേടും നിരാശയും കാരണം യുവാവ് ആത്മഹത്യ ചെയ്തതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് ഇൻസ്റ്റൻ്റ് ആപ്പുകാരിലേക്ക് അന്വേഷണം നീണ്ടത്. അന്വേഷണത്തിനൊടുവിൽ 
കഴിഞ്ഞ മാസം ആന്ധ്രയിൽ നിന്ന് സുധാകർ റെഡ്ഡി എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഷിച്ച 13 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിൽ നിന്ന് അറസ്റ്റിലായ പ്രതികളിലൊരാൾ നൽകിയ വിവരം അനുസരിച്ച് ചൈനീസ് പൗരൻമാരാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്. 

ഇൻസ്റ്റൻ്റ് ആപ്പിൽ ലോണെടുത്ത് കുടുങ്ങിയ ആളുകളിൽ നിന്നും തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചും മറ്റുമാണ്  വിദേശത്തേക്ക് അയച്ചിരുന്നത്. ആകെ 300 കോടിയിലേറെ രൂപയാണ് രാജ്യത്തെ പൗരൻമാരെ ഭീഷണിപ്പെടുത്തിയും മറ്റും ഇവർ തട്ടിയെടുത്തത്. നിരവധി സിംകാർഡുകളും മെമ്മറികാർഡുകളും ഇവരുടെ കൈയിൽ നിന്നും മുംബൈ പൊലീസ്  പിടിച്ചെടുത്തിട്ടുണ്ട്.  ഇവരുടെ ലാപ്പ് ടോപ്പുകളും ഹാര്‍ഡ് ഡ്രൈവുകളും പരിശോധിച്ചതിൽ 80 ജിബി ഡാറ്റ നിറയെ മോർഫ് ചെയ്ത ചിത്രങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുമാണ്. പല പേരിൽ ഒന്നിലേറെ ആപ്പുകൾ സംഘം നടത്തുന്നുണ്ടെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും മുംബൈ പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios