ബം​ഗളൂരു: കർണാടകത്തിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളുടെ മനോഭാവം ശരിയല്ലെന്നാണ് ദേവഗൗഡയുടെ ആരോപണം. കോണ്‍ഗ്രസ്-ദള്‍ സഖ്യ സർക്കാർ എത്രകാലം തുടരുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞ ദേവഗൗഡ സർക്കാരിന്‍റെ നിലനിൽ കുമാരസ്വാമിയുടെ കയ്യിലല്ലെന്നും വ്യക്തമാക്കി.

ജനതാ ദൾ - കോൺഗ്രസ് സഖ്യം അസ്വാരസ്യങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് ദേവഗൗഡയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. കർണാടകയിൽ കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ചുവെന്ന് വേണം ലോക സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസിലാക്കാനെന്ന് അഭിപ്രായപ്പെട്ട ദേവഗൗഡ കോൺഗ്രസിന്‍റെ എല്ലാ ആവശ്യങ്ങളും ഇത് വരെ ജെഡിഎസ് അംഗീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. 

ദേവഗൗഡയുടെ സംശയം എന്ത് കൊണ്ടാണെന്നറിയില്ലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും പരാമർശങ്ങളിൽ ദേവഗൗഡ തന്നെ വിശദീകരണം നൽകണമെന്നും കർണാടക കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു അറിയിച്ചു.