മാലിന്യ സംസ്‍കരണ പ്ലാന്റിന്റെ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള രണ്ട് കമ്പനികളാണ് അപകടത്തിന് കാരണക്കാരെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് 16 പേര്‍ ഷോക്കേറ്റ് മരിച്ച അപകടത്തിന് കാരണമായത് എര്‍ത്തിങ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ 18ന് ആയിരുന്നു അപകടം. ചമോലി അഡീഷണല്‍ ജില്ലാ മജിസ്‍ട്രേറ്റ് അഭിഷേക് ത്രിപാഠി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ശനിയാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചത്.

മാലിന്യ സംസ്‍കരണ പ്ലാന്റിന്റെ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള രണ്ട് കമ്പനികളാണ് അപകടത്തിന് കാരണക്കാരെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കരാര്‍ വ്യവസ്ഥകള്‍ ഈ കമ്പനികള്‍ പാലിച്ചില്ല. ഇവരുടെ കരാര്‍ റദ്ദാക്കണമെന്നും സംസ്ഥാനത്ത് കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. പാട്യാലയയിലെ ജയ് ഭൂഷണ്‍ മാലിക് കോണ്‍ട്രാക്ടേഴ്സും കോയമ്പത്തൂരിലെ കോണ്‍ഫിഡന്റ് എഞ്ചിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് ഇവിടുത്തെ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്തിരുന്നത്. 

അളകനന്ദ നദിയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ ലോഹ പടിക്കെട്ടുകളിലും കൈവരികളിലും വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമായത്. 16 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചില അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി മാലിന്യ സംസ്‍കരണ പ്ലാന്റില്‍ 20 മിനിറ്റ് വൈദ്യുതി വിച്ഛേദിച്ച ശേഷം പുനഃസ്ഥാപിച്ചപ്പോഴായിരുന്നു ദാരുണമായ അപകടമുണ്ടായതെന്ന് ഉത്തരാഖണ്ഡ് പവര്‍ കോര്‍പറേഷന്‍ അറിയിച്ചു. വൈദ്യുതീകരണ ജോലികള്‍ ചെയ്തിരുന്ന സംയുക്ത കമ്പനിയുടെ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read also: കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന 18 വയസുകാരന്റെ മൃതദേഹം കാറിനുള്ളില്‍; തലയില്‍ വെടിയേറ്റെന്ന് കണ്ടെത്തി

ഏഷ്യാനെറ്റ് ന്യസ് ലൈവ് യുട്യൂബില്‍ കാണാം...