ലഖ്നൗ: സോന്‍ഭദ്രയിൽ പത്ത് ആദിവാസികളെ വെടിവച്ചു കൊന്ന കേസിൽ ലോക്കൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. നാട്ടുകാർ അഭ്യർത്ഥിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ മനപ്പൂർവ്വം വൈകിയെന്നും റിപ്പോർട്ടിൽ പരാമർശം. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെയും ജില്ലാ പൊലീസ് മേധാവിയെയും മാറ്റിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

സോന്‍ഭദ്രയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് സ്ത്രീകളടക്കം പത്ത് ആദിവാസികൾ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. വെടിവയ്പ്പിനെ കുറിച്ച് അറിയിച്ചിട്ടും സ്ഥലത്തെത്താൻ ലോക്കൽ പൊലീസ് മനപ്പൂർവം വൈകി. പത്തുപേർ കൊല്ലപ്പെട്ടിട്ടും പൊലീസ് കൊലയാളികൾക്കൊപ്പം നിന്നെന്നും വീഴ്ച വരുത്തിയ ലോക്കൽ പൊലീസുകാർക്കെതിരെ ഗുണ്ട നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെയും ജില്ലാ പൊലീസ് മേധാവിക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് സ‍ർക്കാർ ഉത്തരവിട്ടു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ 15 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായും, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചുവെന്നും യുപി സർക്കാർ അറിയിച്ചു.

36 ഏക്കര്‍ ഭൂമി പിടിച്ചടെുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. ഗ്രാമത്തലവനായ യോഗ്യ ദത്താണ് കേസിലെ മുഖ്യപ്രതി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കാണാനെത്തിയത് തടഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വെടിവെയ്പ്പിന് ഉത്തരവാദി കോണ്‍ഗ്രസാണെന്നും അറസ്റ്റിലായവര്‍ക്ക് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചടിച്ചിരുന്നു.