ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്സ‌്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന്റെ പകർപ്പ് തേടി പി ചിദംബരം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. 2018 ഡിസംബർ, 2019 ജനുവരി മാസങ്ങളിൽ മൂന്ന് തവണ നടത്തിയ ചോദ്യം ചെയ്യലിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ചിദംബരം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിച്ചിട്ടുണ്ടോ എന്ന‌് കോടതിക്ക് ബോധ്യപ്പെടാൻ ഇത് അനിവാര്യമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകർ വാദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം കോടതിയിൽ മറുപടി ഫയൽ ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം കേൾക്കൽ തുടരുകയാണ്. കേസിലെ രേഖകൾ കേസ് ഡയറിയുടെ ഭാഗമാക്കിയിട്ടില്ലെന്നും കേസ് ഡയറി കോടതിയിൽ നൽകിയിട്ടില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.

അതേസമയം, കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ കോടതി വീണ്ടും നീട്ടി. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണ്ണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.