ദീപാവലിക്ക് മുന്നോടിയായി ഐ.ആർ.സി.ടി.സി. വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനരഹിതമായത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. തത്കാൽ ബുക്കിംഗിന് ശ്രമിച്ചവരാണ് ഏറെ ബുദ്ധിമുട്ടിയത്. 

ദില്ലി: ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമായി. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരക്കണക്കിന് യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് പ്രശ്നം രൂക്ഷമായത്.

ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ 'ഡൗൺഡിറ്റക്‌ടർ' (Downdetector) പ്രകാരം 6,000-ത്തിലധികം ഉപയോക്താക്കളാണ് ഐ.ആർ.സി.ടി.സി സേവനം ലഭിക്കാത്തതും ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയാത്ത‌തുമെല്ലാം റിപ്പോർട്ട് ചെയ്തത്. വെബ്‌സൈറ്റ് ലോഡ് ആകുന്നില്ലെന്നും ടിക്കറ്റ് എടുക്കുന്നതിനിടയിൽ പ്രശ്നങ്ങൾ സംഭവിക്കുന്നുവെന്നും പലരും സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെങ്കിലും ടിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയും പലരും ഉന്നയിക്കുന്നുണ്ട്.

Scroll to load tweet…

 ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനോ ട്രെയിനുകൾ തിരയാനോ പോലും സാധിക്കാത്ത അവസ്ഥയാണുണ്ടായത്. പ്രധാനമായും തത്കാൽ ബുക്കിം​ഗിന് ശ്രമിച്ചവർക്കാണ് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയത്. ഡൗൺഡിറ്റക്‌ടർ അനുസരിച്ച്, തകരാർ റിപ്പോർട്ട് ചെയ്തവരിൽ 40 ശതമാനം പേർ വെബ്സൈറ്റിലെയും 37 ശതമാനം ആപ്പിലെയും 14 ശതമാനം പേര്‍ ടിക്കറ്റിംഗിലെയും പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ദില്ലി, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ്, കൊൽക്കത്ത, നാഗ്പൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ഈ തകരാർ കാര്യമായി ബാധിച്ചു.

Scroll to load tweet…

ദീപാവലിയോട് അനുബന്ധിച്ച് ആയിരക്കണക്കിന് യാത്രക്കാർ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഈ നിർണായക സമയത്താണ് ഐ.ആർ.സി.ടി.സിയുടെ സേവനം തടസ്സപ്പെട്ടത്. ഇത് യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതികൾക്ക് കാരണമായി. മാത്രമല്ല, ബുക്കിംഗ് വൈകിയത് നിരവധിയാളുകളെ ആശങ്കയിലാക്കുകയും ചെയ്തു. എന്നാൽ, തകരാറിന്റെ കാരണം എന്താണെന്ന് ഐ.ആർ.സി.ടി.സി. ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Scroll to load tweet…