Asianet News MalayalamAsianet News Malayalam

പ്രതാപ് ചന്ദ്ര സാരംഗി: വാഴ്ത്തപ്പെടുന്ന ജീവിതവും ഓര്‍ക്കപ്പെടാത്ത ഭൂതകാലവും

അത്ര നിഷ്കളങ്കമല്ലാത്ത ഒരു ഭൂതകാലമുണ്ട് ഈ 'ഹീറോ'യ്ക്ക്.. വർഷം 1999. ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയും 'ആൾക്കൂട്ടം' പച്ചയ്ക്ക് കത്തിച്ചുകൊന്ന കാലം.

is pratap chandra sarangi really a hero
Author
Orissa, First Published May 31, 2019, 4:25 PM IST

ദില്ലി: കോടീശ്വരനായ എതിർസ്ഥാനാ‌ത്ഥിയെ മല‍‌ർത്തിയടിച്ച ദാവീദിനെപ്പോലെ, സ്വന്തമായി ഓലക്കുടയും സൈക്കിളും മാത്രമുള്ള ആ നിസ്വനായ കേന്ദ്രമന്ത്രി! മോദി സ‌ർക്കാറിൽ സ​ഹ​മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരം​ഗിയെക്കുറിച്ച് ഇപ്പോൾ എല്ലാവ‌ർക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. എന്നാൽ അധികമാരും ഓ‌ർക്കാത്ത, ഓ‌ർമ്മയുള്ളവരിൽ പലരും മറക്കുന്ന ഒരു ഭൂതകാലമുണ്ട് ഈ 'പാവപ്പെട്ട' എംപിക്ക്. 

പ്രതാപ് ചന്ദ്രസാരംഗി സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിലേക്ക് നടന്നു കയറുമ്പോൾ ഒരു പക്ഷേ, അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും കിട്ടിയത് പോലുള്ള കയ്യടിയാണ് കിട്ടിയത്. സാമൂഹ്യമാധ്യമങ്ങളിൽ സാരംഗിയുടെ ഓലക്കുടിലിനും സൈക്കിളിനും വൻ വരവേൽപും കിട്ടി. അങ്ങനെ സാരംഗി 'സോഷ്യൽ മീഡിയ ഹീറോ'യുമായി.

പക്ഷേ അത്ര നിഷ്കളങ്കമല്ലാത്ത ഒരു ഭൂതകാലമുണ്ട് ഈ 'ഹീറോ'യ്ക്ക്.. വർഷം 1999. ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയും 'ആൾക്കൂട്ടം' പച്ചയ്ക്ക് കത്തിച്ചുകൊന്ന കാലം. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവർക്ക് നേതൃത്വം നൽകിയത് തീവ്രഹിന്ദു സംഘടടനാ പ്രവർത്തകരാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ബജ്‍രംഗദൾ പ്രവർത്തകനായ ദാരാസിംഗായിരുന്നു കൊലപാതകത്തിന്‍റെ സൂത്രധാരൻ. അന്ന് ബജ്‍രംഗദളിന്‍റെ ഒഡിഷയിൽ നിന്നുള്ള പ്രമുഖ നേതാവായിരുന്നു സാരംഗി.

പന്ത്രണ്ട് പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ബജ്‍രം​ഗ് ദളുമായി ബന്ധമുണ്ടായിരുന്ന ദാരാ സിം​ഗിന് വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2003-ൽ ഒഡിഷ ​ഹൈക്കോടതി ഇത് റദ്ദാക്കുകയും മറ്റ് 11 പേരെ വെറുതേ വിടുകയും ചെയ്തു. അന്ന്, ദാരാ സിംഗിനെ കേസിൽ പ്രതിയാക്കിയതിനെതിരെ സംസ്ഥാനവ്യാപകമായി ബജ് രംഗദൾ പ്രതിഷേധങ്ങൾ നടത്തി. പലതും അക്രമത്തിലേക്ക് വഴി മാറി. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ പലപ്പോഴും വിദ്വേഷപ്രചരണം നടത്തിയതിന് ഇപ്പോഴും ക്രിമിനൽ കേസ് നേരിടുന്നയാളാണ് സാരംഗി. ദാരാ സിംഗിനെ പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് 2002-ൽ ഒഡിഷ നിയമസഭയിലേക്ക് ഇരച്ചു കയറി 'ജയ് ശ്രീറാം' വിളിക്കുകയും വസ്തുക്കൾ തല്ലിത്തകർക്കുകയു, ചെയ്തതിന് സാരംഗിക്കും അഞ്ഞൂറോളം വരുന്ന ബജ് രംഗദൾ പ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസുകളുണ്ട്.

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്ര ജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്‍യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നും വോട്ടര്‍മാരെ കണ്ട് വോട്ടുതേടിയ സാരം​ഗിയുടെ പ്രചരണം സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു.

അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം മാതാവ് മരിച്ചതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്. സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. ലാളിത്യത്തിന്‍റെ പ്രതികമായി അനുയായികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്. 

Follow Us:
Download App:
  • android
  • ios