മുംബൈ : മുംബൈയിലെ പ്രശസ്തമായ  ഇസ്ലാം ജിംഖാനയില്‍ ചീട്ടുകളിക്ക് നിരോധനമെന്ന് റിപ്പോര്‍ട്ട്. കലാ, കായിക സാസ്കാരിക പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ ഡ്രൈവിന് സമീപത്തെ ജിംഖാനയിലാണ് ചീട്ടുകളിക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിംഖാന പ്രസിഡന്‍റ് യൂസഫ് അബ്റാനിയാണ് റമ്മിയടക്കമുള്ള ചീട്ടുകളിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ജിംഖാനയിലും പരിസരത്തും ചീട്ടുകളി പാടില്ലെന്നാണ് അറിയിപ്പ്. ചീട്ടുകളിക്കിടെ ചിലര്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടെന്ന് വിശദമാക്കിയാണ് തീരുമാനം. അടുത്തിടെ നടന്ന റമ്മി കളിക്കിടെ വാതുവയ്പുണ്ടായെന്നാണ് യൂസഫ് അബ്റാനിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ചീട്ടുകളി മുറി അടച്ചത്. നബിദിനം തന്നെ ചീട്ടുകളി മുറി അടച്ചത് ജിംഖാനയുടെ പുരോഗമനപരമായ നിലപാടുകള്‍ക്കെതിരാണെന്നാണ് അംഗങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. 129 വര്‍ഷം പഴക്കമുള്ളതാണ് ഇസ്ലാം ജിംഖാന ക്ലബ്ബ്. 

യൂസഫ് അബ്റാനി ജിംഖാനയെ മദ്രസയാക്കാനുള്ള ശ്രമത്തിലാണെന്നാണ് ചില അംഗങ്ങള്‍ വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ജിംഖാനയിലിരുന്ന ചിലര്‍ വാതുവച്ച് ചീട്ടുകളിച്ചെന്ന് വ്യക്തമായാല്‍ എന്തുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നത്.ഇതൊരു മദ്രസയല്ല ക്ലബ്ബാണ് ഇവിടെ വര്‍ഗീയ കാര്‍ഡ് വിലപ്പോവില്ലെന്നാണ് ജിംഖാന അംഗമായ ഇഷ്തിയാഖ് അലി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. വാതുവയ്പ് നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും എന്നാല്‍ പ്രായമാവരെ ചീട്ടുകളിക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്നുമാണ് മറ്റൊരു അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്.  മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ് യൂസഫ് അബ്റാനി. 

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളിയാണ് യൂസഫ് അബ്റാനിയുടെ പ്രതികരണം. സ്പോര്‍ട്സും ഗെയിംസും ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ വാതുവയ്പിന് അതില്ല. ചീട്ടുകളിയുടെ പേരില്‍ വാതുയ്പ് നടത്തിയത് അഞ്ചുപേരാണെന്നും അവരുടെ വിവരങ്ങള്‍ ക്ലബ്ബിനുണ്ടെന്നുമാണ് യൂസഫ് അബ്റാനി പറയുന്നത്. ടെന്നീസ്, ബാഡ്മിന്‍റണ്‍, വോളിബോള്‍, സ്റ്റീം ബാത്ത്, സോണ ബാത്ത്, സ്പാ, വനിതകള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ എന്നിവയോട് കൂടിയതാണ് ജിംഖാന. ഏത് മദ്രസയിലാണ് സ്പാ അടക്കമുള്ള സംവിധാനങ്ങള്‍ ഉള്ളതെന്നും യൂസഫ് അബ്റാനി ചോദിക്കുന്നു.