കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ 'ദേശവിരുദ്ധര്‍' എന്ന് വിളിച്ച ബിജെപിയെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് എല്ലായിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റികളും ചേര്‍ന്ന് ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് മമത ആവശ്യപ്പെട്ടു. നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്.

ഒപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) പുതുക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ‘രാജ്യത്തെ പൗരന്മാരുടെ പൗരത്വം കവർന്നെടുക്കാൻ ബിജെപി പദ്ധതിയിടുകയാണ്. ഇതിനെതിരെ എല്ലായിടങ്ങളിലും കൈകോര്‍ത്ത് അവരെ ഒറ്റപ്പെടുത്താനാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും മമത പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുരിയയിൽ അഞ്ച് കിലോമീറ്റർ പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മമത രംഗത്ത് വന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് ബിജെപി ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം പിൻ‌വലിക്കുന്നതുവരെ തന്‍റെ പ്രതിഷേധം അവസാനിപ്പിക്കില്ല. നിങ്ങളുടെയെല്ലാം പേരുകൾ വോട്ടർ‌ പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തുക.

ആരും ഈ രാജ്യം വിടേണ്ടിവരില്ലെന്നും മമത പറഞ്ഞു. നേരത്തെ, പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മമത ബാനര്‍ജി കവിതയെഴുതി പ്രതിഷേധിച്ചിരുന്നു. 'ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്ന'തെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മമത കവിതയിലൂടെ ചോദിച്ചു. മോദി സർക്കാരിന്റെ തീരുമാനത്തെ 'വിദ്വേഷത്തിനുളള ഉപകരണം' എന്നാണ് മമത വിശേഷിപ്പിച്ചത്.

ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക്  'അധികാര്‍' എന്നാണ് പേര്. ഇംഗ്ലീഷില്‍ 'റൈറ്റ്' എന്നാണ് കവിതയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. 'എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ എന്നും കവിതയില്‍ പറയുന്നു. 'ഇന്ത്യ ഒരിക്കലും വിവേചനത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല' എന്നാണ് മമത കവിതയിൽ കുറിച്ചിരിക്കുന്നത്. 'നിങ്ങളെയും നിങ്ങളുടെ ബോധ്യങ്ങളെയും ഓർത്ത് ലജ്ജിക്കുന്നു' എന്നും മമത എഴുതിയിട്ടുണ്ട്.