ഒബിസി വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൃത്യമായ നടപടി ക്രമങ്ങളുണ്ടെന്നും ആദ്യം കേന്ദ്രത്തിന് പ്രൊപ്പോസല്‍ അയക്കണമെന്നും മന്ത്രി പറഞ്ഞു.

ദില്ലി: ഒബിസിയില്‍ ഉള്‍പ്പെട്ട 17 വിഭാഗങ്ങളെ പട്ടിക ജാതിയിലേക്ക് മാറ്റാനുള്ള ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ നീക്കം നിയമപരമല്ലെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി തല്‍വാര്‍ ചന്ദ് ഗെഹ്ലോട്ട് രാജ്യസഭയില്‍ അറിയിച്ചു. ശൂന്യവേളയില്‍ ബിഎസ്പി അംഗം സതീഷ് ചന്ദ്ര മിശ്രയാണ് വിഷയം ഉന്നയിച്ചത്.

ജൂണ്‍ 24ന് ഉത്തര്‍പ്രദേശ് ജില്ല മജിസ്ട്രേറ്റുമാരോടും കമ്മീഷണര്‍മാരോടും 17 ഒബിസി വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒബിസി വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൃത്യമായ നടപടി ക്രമങ്ങളുണ്ടെന്നും ആദ്യം കേന്ദ്രത്തിന് പ്രൊപ്പോസല്‍ അയക്കണമെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ തീരുമാനം ഭരണഘടനപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. 

ഭരണഘടന പ്രകാരം പട്ടിക ജാതി പട്ടികയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്‍റിന് മാത്രമാണ് അധികാരം. ഭരണഘടനയെ മറികടന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സതീഷ് ചന്ദ്ര മിശ്ര ആവശ്യപ്പെട്ടു. 12 നിയമസഭ സീറ്റുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് യുപി സര്‍ക്കാര്‍ ഒബിസി വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത്.