ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമി സര്‍ക്കാരിന്‍റെ ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. വികസനത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഞാനവര്‍ക്ക് ഉറപ്പു നല്‍കുകയാണ്. 

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കും - വിശ്വാസവോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞു. 

അതിനിടെ കര്‍ണാടകയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി വേഗത്തിലാക്കിയിട്ടുണ്ട്. ബിഎസ് യെദ്യൂരപ്പയെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിക്കാൻ ബിജെപി പാർലമെന്‍ററി ബോര്‍ഡ് അനുമതി നല്‍കി. തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പി മുരളീധർ റാവു പറഞ്ഞു. ഉടനെ തന്നെ ബിജെപി സർക്കാർ രൂപീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.