ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പും നൽകി

ദില്ലി: 'ഡീപ്ഫേക്ക്' വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐ ടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഐ ടി മന്ത്രാലയം നിർദ്ദേശം നൽകിയത്. ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡീപ്‌ഫേക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം, നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയത്.

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവം; 4 പേരെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്

അതിനിടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത നടി രശ്മി മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു എന്നതാണ്. വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവരെയാണ് പിടികൂടിയത്. മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. വ്യാജപ്പേരുകളിലായിരുന്നു നാലുപേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളത്. എന്നാൽ വിഡിയോ നിർമിച്ചവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്ഫെയ്ക് ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. രശ്മിക മന്ദാനയുടെ വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൗമാരക്കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം