രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു സംഭവം. കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമർച്ച ചെയ്തത്. 

ദില്ലി: ഗുജറാത്തിലെ ഹിമ്മത് നഗറിലും ജഹാംഗീർപുരി മോഡൽ കെട്ടിടം പൊളിക്കൽ. രാമ നവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ
മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ് ജില്ലാഭരണകൂടം പൊളിച്ച് നീക്കിയത്. ബുൾഡോസറുകൾ എത്തിച്ചായിരുന്നു പൊളിക്കൽ. 

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു സംഭവം. കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമർച്ച ചെയ്തത്. ഇതേരീതിയിൽ ആക്രമ സംഭവങ്ങളുണ്ടായ ജഹാംഗീർ പുരിയിലേതിന് സമാനമായ രീതിയിൽ ബുൾഡോസറുകൾ എത്തിച്ചാണ് ജില്ലാ ഭരണകൂടം ഇവിടുത്തെ അനധികൃത കെട്ടിടങ്ങൾ രാവിലെ പൊളിച്ച് മാറ്റിയത്. 

ഇന്നലെ തന്നെ നോട്ടീസ് നൽകിയിരുന്നു. ചെറുകടകളും കുടിലുകളും പൊളിച്ചവയിലുണ്ട്. നഗരവികസനത്തിന്‍റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു. മുടങ്ങിക്കിടന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമേ ഉള്ളൂ എന്ന് അവർ വിശദീകരിക്കുന്നു. രാമ നവമി സംഘർഷങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് ജില്ലാ ഭരണകൂടവും പറയുന്നു. ജഹാംഗീർ പുരിയിലേത് പോലെ വലിയ ചെറുത്ത് നിൽപ് ഇവിടെയുണ്ടായില്ല. പൊളിക്കൽ സമാധാനപരമായി പൂർത്തിയായി. 

YouTube video player

Read Also: രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷം; ജുഡീഷ്യൽ അന്വേഷണമില്ല, ഹർജി സുപ്രീംകോടതി തള്ളി

രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹർജി സുപ്രീംകോടതി തള്ളി. റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. 

കോടതിക്ക് അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഏതെങ്കിലും റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തയാറാണോയെന്നും ചോദ്യമുണ്ടായി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യഹർജി സമർപ്പിച്ചിരുന്നത്.