കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാര്‍. അന്തിമ വിധി മറിച്ചായാല്‍ കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസപ്പല്‍ കോർപ്പറേഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും
ദില്ലി: ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുക. ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാര്‍. അന്തിമ വിധി മറിച്ചായാല്‍ കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസപ്പല്‍ കോർപ്പറേഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. സംഘര്‍ഷ സാഹചര്യം ഇല്ലെന്നും കോടതി ഉത്തരവുള്ളതിനാൽ കൂടുതല്‍ ഒഴിപ്പക്കല്‍ തത്കാലം ഉണ്ടാകില്ലെന്നും ദില്ലി പൊലീസ് സ്പെഷ്യല്‍ കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വലിയ വാടക കൊടുത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാത്തവരാണ് ജഹാംഗീര്‍പുരിയിലെ കോളനികളിലെ താമസക്കാർ. അടച്ചുറപ്പില്ലാത്ത, ജെസിബിയുടെ കൈ ഒന്ന് തൊട്ടാല്‍ തകരുന്ന കെട്ടിടങ്ങളില്‍ ദില്ലിയിലെ ചെറിയ ജോലികള്‍ ചെയ്ത് ഉപജീവനം നയിക്കുന്നവരാണ് ഉള്ളത്. പലരും നഗരത്തിലെ ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്നവരാണ്. നിയമ പ്രകാരമുള്ള നോട്ടീസ് പോലും നല്‍കാതെയാണ് കൈയ്യേറ്റം ഒഴിപ്പിക്കലുണ്ടായതെന്ന് ഇവിടെയുള്ളവര്‍ പറയുന്നത്. രണ്ട് മണിക്ക് നടത്തേണ്ട ഒഴിപ്പിക്കല്‍ കോടതി പരിഗണിച്ചേക്കുമെന്ന് കണ്ട് ഒൻപത് മണിക്ക് നടത്തിയെന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദവേ സുപ്രീംകോടതിയിലും ആരോപിച്ചു.
തല്‍സ്ഥിതി തുടരാനുള്ള സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇനി ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകില്ലെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ കമ്മീഷണർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നു ദീപേന്ദ്ര പാഠക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ബുൾഡോസർ കാഴ്ചകൾ രാജ്യതലസ്ഥാനത്തും ആവർത്തിക്കുമ്പോൾ ഭരണപക്ഷത്തിൻറെ വ്യക്തമായ ആസൂത്രണം സംശയിക്കുകയാണ് പ്രതിപക്ഷം. ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുഴങ്ങിയ വാക്കായിരുന്നു ബുൾഡോസർ. യോഗി ആദിത്യനാഥ് തൻറെ ഭരണത്തിൻറെ പ്രതീകമായി ബുൾഡോസറിനെ ചിത്രീകരിച്ചു. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ച യോഗി ആദിത്യനാഥ് ഒരു വിഭാഗത്തിനെതിരായ നടപടികളുടെ ചിഹ്നമായും ബുൾഡോസർ ഉപയോഗിച്ചു. യുപിയിലെ ബിജെപി വിജയം ബുൾഡോസർ രാഷ്ട്രീയം മറ്റിടങ്ങളിലും ആവർത്തിക്കാൻ ഇടയാക്കിയിരിക്കുന്നു.
മധ്യപ്രദേശിലെ കർഗാവിൽ രാമനവമിക്കു ശേഷം സംഘർഷം ഉണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ചിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ ഇതിനെ ന്യായീകരിച്ചു. ഇപ്പോൾ ദില്ലിയിൽ ഹനുമാൻ ജയന്തി ദിവസത്തെ സംഘർഷത്തിൻറെ പേരിലും ബുൾഡോസർ ആയുധമാകുമ്പോൾ, പ്രതിപക്ഷം ഒരു രാഷ്ട്രീയ പദ്ധതി ഭയക്കുന്നു. ബുൾഡോസറിനെ ഇന്ന് എതിർത്തവർ കലാപകാരികൾക്കൊപ്പമാണെന്ന പ്രചാരണം ബിജെപി തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെ പ്രതികരണം നല്കുകയാണ് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ.
കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള ട്വീറ്റിൽ ബുൾഡോസർ വിദ്വേഷത്തിൻറെ ചിഹ്നമാകരുത് എന്ന വരിയിൽ രാഹുൽ ഗാന്ധി പ്രതികരണം ഒതുക്കി. കപിൽ സിബൽ കോടതിയിൽ പോയത് സ്വന്തം നിലയ്ക്കാണ്. ചില എഎപി നേതാക്കൾ പ്രതികരിച്ചെങ്കിലും അരവിന്ദ് കെജ്രിവാളും സ്ഥലത്തേക്ക് പോകാതെ മാറി നിന്നു. വൃന്ദകാരാട്ടിൻറെ പ്രതിഷേധത്തിലൊതുങ്ങി പ്രതിപക്ഷ സാന്നിധ്യം. പിന്നാലെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ അവകാശങ്ങൾക്കായി സംസാരിക്കാൻ പോലും വോട്ട് ബാങ്ക് രാഷ്ട്രീയം തടസ്സമാകുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ ഈ ബുൾഡോസർ കാഴ്ച പ്രതീക്ഷിക്കാം.
