ആ​ഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് മധുര ജയില്‍ അന്തേവാസികള്‍. പച്ചക്കറികൾ ഉപയോ​ഗിച്ചാണ് പൊടികൾ തയ്യാറാക്കിയിരിക്കുന്നത്. ചീര, കാരറ്റ്, മഞ്ഞൾ എന്നിവ ഉൾപ്പെടെയുള്ള പച്ചക്കറികള്‍ ആണ് കളര്‍ പൊടികള്‍ നിർമിക്കാൻ ഉപയോ​ഗിച്ചതെന്ന് അധികൃതർ പറയുന്നു.

12 പേര്‍ ചേര്‍ന്ന് 1000 പാക്കറ്റ് പൊടികള്‍ നിര്‍മ്മിച്ചതായും സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇവയെന്നും ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിങ്ക്, പച്ച, ഇളം പച്ച, മഞ്ഞ തുടങ്ങിയ നിറത്തില്‍ പൊടികള്‍ ലഭിക്കും. 

ജയിലില്‍ നിന്ന് തന്നെ വിളവെടുത്ത പച്ചകറികള്‍ ഉപയോഗിച്ചാണ് കളര്‍ പൊടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിരോധിച്ചതിനാൽ നിറങ്ങളില്ലാതെ ഹോളി ആഘോഷിക്കുന്നതിന് പകരമായാണ് ഇത്തരത്തില്‍ പൊടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. 100 ഗ്രാം പാക്കറ്റിന് 20 രൂപയാണ് വില. വിൽപ്പനയില്‍ നിന്നുള്ള വരുമാനം നിർമ്മാതാക്കൾക്ക് നേരിട്ട് നൽകുമെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.