''മഹാത്മാ​ഗാന്ധിയുടെ മണ്ണിലാണെന്നതിനാൽ നമുക്ക് ഒരിക്കലും വർണ്ണവിവേചനത്തോട് മുഖം തിരിക്കാനാകില്ല. ഇന്ത്യക്കാർ ധാരാളമായുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. യൂറോപ്പുമായി നമുക്ക് ശക്തമായ ബന്ധമുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടും ''

ദില്ലി: ഇന്ത്യക്കാരിയായ രഷ്മി സാമന്ത് ഓഫ്സ്ഫോ‍ർഡ് സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസി‍ന്റ് സ്ഥാനം രാജിവച്ച സംഭവത്തിൽ പാർലമെന്റിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള രഷ്മി സാമന്ത്. നേരത്തേ സോഷ്യൽ മീഡിയകളിൽ നടത്തിയ വർ​ഗീയ പരാമർശങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് രഷ്മി സ്ഥാനം രാജിവച്ചത്. 

എന്നാൽ വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ലെന്നും ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടുമെന്നും ബിജെപി നേതാവ് വിഷയം ഉയർത്തിയതിനോട് പ്രതികരിച്ച് ജയശങ്കർ പറഞ്ഞു. മഹാത്മാ​ഗാന്ധിയുടെ മണ്ണിലാണെന്നതിനാൽ നമുക്ക് ഒരിക്കലും വർണ്ണവിവേചനത്തോട് മുഖം തിരിക്കാനാകില്ല. ഇന്ത്യക്കാർ ധാരാളമായുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. യൂറോപ്പുമായി നമുക്ക് ശക്തമായ ബന്ധമുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടും - ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. 

വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രഷ്മി നേരിട്ട സോഷ്യൽമീഡിയ ആക്രമണത്തിനെതിരെയാണ് ബിജെപി നേതാവ് അശ്വിനി വൈഷ്ണവ് സംസാരിച്ചത്. യുകെയിൽ ഇപ്പോഴും മുൻവിധികളോടെയാണ് ഇടപെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നിരവധി വെല്ലുവിളി അതിജീവിച്ചാണ് രഷ്മി ആ പദവിയിൽ എത്തിയതെന്ന് ചിന്തിക്കാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ആരോപണം. 

സമൂഹമാധ്യമങ്ങളില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച വര്‍ഗീയ പോസ്റ്റുകള്‍ ചര്‍ച്ചയായതിന് പിന്നാലെ രൂക്ഷവിമര്‍ശനം നേരിട്ടതോടെയാണ് രഷ്മി രാജി വച്ചത്. വംശഹത്യ അടക്കമുള്ള വിഷയങ്ങളില്‍ രഷ്മി സാവന്തിന്‍റെ നിലപാടുകളും കുറിപ്പുകളും ഏറെ വിവാദമായിരുന്നു. 

കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനിയായ രഷ്മി മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനില്‍ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. മുന്‍കാലങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ വംശീയ, വര്‍ഗീയ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെയായിരുന്നു രഷ്മി രാജി വച്ചത്. 

ദി ഓക്സ്ഫോര്‍ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍റെ തുല്യതയ്ക്കും വര്‍ഗീയതയ്‍ക്കെതിരെയുള്ള പ്രചാരണമാണ് രഷ്മിയുടെ ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയത്. ജൂത വിഭാഗങ്ങള്‍ക്കും കിഴക്കനേഷ്യയില്‍ നിന്നുള്ളവര്‍ക്കും ട്രാന്‍സ് വിഭാഗങ്ങള്‍ക്കും എതിരെയായിരുന്നു റഷ്മിയുടെ സമൂഹ്യ മാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അറിവില്ലായ്മയുടെ തെളിവാണെന്നും അതിനാല്‍ തന്നെ ഓക്സ്ഫോര്‍ഡ് വിദ്യാര്‍ഥി യൂണിയനില്‍ നിന്ന് രഷ്മി മാറണമെന്നുമായിരുന്നു വിമര്‍ശകര്‍ ആവശ്യപ്പെട്ടത്. 

യൂണിയനിലേക്ക് രഷ്മിയെ തെരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തിന് ചിങ് ചാങ് എന്ന രഷ്മിയുടെ കുറിപ്പും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചൈനീസ് വിദ്യാര്‍ഥികളെ പരിഹസിക്കാനുപയോഗിക്കുന്ന പദമാണ് ഇത്. വിവാഹമോചനം നേടിയ വനിതകളേയും ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയും രഷ്മിയുടെ പരാമര്‍ശങ്ങളഅ‍ വിവാദമായി. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നെങ്കിലും വിവാദം അവസാനിക്കാതെ തുടരുകയായിരുന്നു. 3708 വേട്ടുകളില്‍ 1966 വോട്ടുകള്‍ നേടിയാണ് രഷ്മി ഈ സ്ഥാനത്തേക്ക് എത്തിയത്.