ന്യൂഡല്‍ഹി: സംഝോദ സ്ഫോടനക്കേസിലുള്‍പ്പെട്ട പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഹൈന്ദവ തീവ്രവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും കേസില്‍ കുറ്റക്കാര്‍ക്ക് പകരം നിരപരാധികളെയാണ് പിടികൂടിയതെന്നും ജെയ്റ്റ്‍ലി ആരോപിച്ചു. 

 രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് ഹൈന്ദവ തീവ്രവാദമെന്ന വ്യാജ ധാരണ പ്രചരിപ്പിച്ചു. ഹിന്ദു സമൂഹത്തെ മുഴുവന്‍ തരം താഴ്ത്തി. കോണ്‍ഗ്രസ് ഹിന്ദുക്കളോട് മാപ്പ് പറയണം- ജെയ്റ്റ്‍ലി പറഞ്ഞു. യുപിഎ ഭരണകാലത്ത് തെളിവുകളില്ലാതിരുന്നിട്ടും ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിനായാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തിയതെന്നും ജെയ്റ്റ്‍ലി ആരോപിച്ചു. 

സംഝോദ സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട നാല് പേരെ എന്‍ഐഎ കുറ്റവിമുക്തരാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ജെയ്റ്റ്‍ലിയുടെ ആരോപണം. 2007-ല്‍ നടന്ന സംഝോദ സ്ഫോടനക്കേസില്‍ 60 പേരാണ് മരിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കുറ്റാരോപിതരെ വെറുതെ വിട്ടത്.