സൗദി രാജാവിന്‍റെ ഹജ്ജ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ച 1300 പ്രത്യേക അതിഥികളില്‍ ഒരാള്‍ കൂടിയാണ് ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 

ദില്ലി: സൗദി അറേബ്യയുടെ ഹജ്ജ് തയ്യാറെടുപ്പുകള്‍ക്ക് പ്രശംസയുമായി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മൊഹമ്മദ് അഫ്ഷര്‍ ആലം. 1.6 മില്യണ്‍ മുസ്ലിം തീര്‍ത്ഥാടകരാണ് ഇക്കുറി ഹജ്ജിനെത്തുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി രാജാവിന്‍റെ ഹജ്ജ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ച 1300 പ്രത്യേക അതിഥികളില്‍ ഒരാള്‍ കൂടിയാണ് ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 

ഹജ്ജ് കര്‍മ്മത്തിനായുള്ള കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ സൌദി അറേബ്യയുടെ തയ്യാറെടുപ്പുകളേക്കുറിച്ച് മികച്ച അഭിപ്രായമാണ് മൊഹമ്മദ് അഫ്ഷര്‍ ആലമിനുള്ളത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്കയും മദീനയും കാണണെന്നുള്ളത് എല്ലാം മുസ്ലിം വിശ്വാസികള്‍ക്കമുള്ള ആഗ്രഹമാണ്. അതിനാലാണ് സൗദി രാജാവിന്‍റെ ക്ഷണം ലഭിച്ച സമയത്ത് മറ്റ് തിരക്കുകള്‍ എല്ലാം മാറ്റിവച്ച് ഹജ്ജിന് പുറപ്പെട്ടത്. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും മികച്ച സേവനമാണ് ഇവിടെ ലഭിക്കുന്നത്. മഹത്തായ ഒരു ഹജ്ജ് അനുഭവം ഓരോ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടമുള്ളതെന്നും ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിശദമാക്കുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിക്കുന്നത്. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്. ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തിയിട്ടുണ്ട്. 

വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player