Asianet News MalayalamAsianet News Malayalam

'ഭയക്കേണ്ട, വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ല, പൊലീസിന്‍റേത് അതിക്രമം'; പിന്തുണയുമായി ജാമിയ മിലിയ വൈസ് ചാന്‍സിലര്‍

വിദ്യാർഥികളെ പൊലീസ് ക്രൂരമായാണ് നേരിട്ടതെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. 

jamia millia vc reaction to student police conflict
Author
Delhi, First Published Dec 16, 2019, 9:53 AM IST

ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ സംഘർഷത്തിൽ പ്രതികരണവുമായി വൈസ് ചാൻസിലർ നജ്മ അക്തർ. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് നജ്മ അക്തർ പറഞ്ഞു. വിദ്യാർഥികളെ പൊലീസ് ക്രൂരമായാണ് നേരിട്ടതെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിദ്യാര്‍ത്ഥികളോട് വി സി പറഞ്ഞു. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പ്രദേശവാസികളായ ചിലരും പങ്കെടുത്തിരുന്നു. ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പത്തോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അക്രമകാരികള്‍ സര്‍വ്വകലാശാലയില്‍ കടന്നെന്ന് ആരോപിച്ച് ദില്ലി പൊലീസ് അനുവാദം കൂടാതെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയുമായിരുന്നു. 

ഇതിനെത്തുടര്‍ന്ന് പൊലീസിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി. ദില്ലി പൊലീസ് ആസ്ഥാനത്ത് പുലര്‍ച്ചെ നാല് മണി വരെ ഇവര്‍ പ്രതിഷേധിച്ചു.  വിദ്യാര്‍ത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൊലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം ഉണ്ടായതിനു പിന്നില്‍ വിദ്യാര്‍ത്ഥികളല്ല, പുറത്തുനിന്നെത്തിയവരും പൊലീസുമാണെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍വ്വകലാശായിലെ 67 വിദ്യാര്‍ത്ഥികളാണ് ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പിന്നീട് വിട്ടയച്ചു. 

രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്....

''വൈകിട്ട് ഇവിടെ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വിദ്യാർത്ഥികൾക്ക് ഒപ്പം പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തി. വലിയ രീതിയിൽ കണ്ണീർ വാതകവും പ്രയോഗിച്ചു. ഇവിടെ കൂടിയിരുന്നവരെല്ലാം പല വഴിക്ക് ചിതറിയോടി. പക്ഷേ പൊലീസ് ക്യാമ്പസിനകത്ത് അടക്കം കയറി, ലൈബ്രറിക്ക് അടക്കം അകത്ത് കയറി പ്രതിഷേധിക്കുന്ന സ്ഥിതിയാണുള്ളത്''

''ഇവിടെ അഞ്ചോ ആറോ മണിയോടെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ക്യാമ്പസിനകത്ത് ഞങ്ങൾ. പെട്ടെന്ന് ദൂരെ ടിയർ ഗ്യാസ് പൊട്ടുന്ന ശബ്ദം കേട്ടു. വലിയ തീയും പുകയും കണ്ടു. പിന്നാലെ പൊലീസ് ക്യാമ്പസിനകത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ക്യാമ്പസിനകത്തുള്ളവരും പുറത്തുള്ളവരും അകത്തേക്ക് ഓടിക്കയറി. പൊലീസ് വന്ന് എല്ലാവരെയും വലിച്ചുവാരി അടിക്കുകയായിരുന്നു. ഞങ്ങൾ ക്യാമ്പസിനകത്ത് നിന്ന് ഓടി ലൈബ്രറിക്ക് അകത്തേക്ക് കയറി. ലൈബ്രറിയുടെ അകത്തും പൊലീസ് അടിച്ച് നിരത്തി.

ആൺകുട്ടികളെയും പെൺകുട്ടികളെയും അടിച്ചത് പുരുഷ പൊലീസാണ്. ഒരു ലേഡി പൊലീസ് പോലുമുണ്ടായിരുന്നില്ല. ലൈബ്രറിയുടെ ഉള്ളിലെ അവസ്ഥ, അകത്തേക്ക് ടിയർ ഗ്യാസ് അവര് എറിഞ്ഞു. ഈ പുക കാരണം ശ്വാസം പോലും കിട്ടാതെ ഞങ്ങൾ പാടുപെട്ടു. ലൈറ്റ് ഓഫ് ചെയ്തു. പുറത്തേക്ക് പോകാനും പറ്റിയില്ല. എല്ലാവരും കണ്ണ് നീറി വെള്ളം വന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പൊലീസ് അകത്തേക്ക് കയറി വന്ന് എല്ലാവരെയും അടിക്കുന്നത്. നിർദ്ദയം, മൃഗീയമായി പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചു''

Read Also: 'നടന്നത് പൊലീസ് നരനായാട്ട്', ജാമിയ വിദ്യാർത്ഥികൾ പറയുന്നു

Follow Us:
Download App:
  • android
  • ios