Asianet News MalayalamAsianet News Malayalam

ജാമിയ പ്രതിഷേധം: വെടിയേറ്റ പരിക്കുകളോടെ രണ്ട് പേർ ചികിത്സയിൽ, നിഷേധിച്ച് ദില്ലി പൊലീസ്

കാലിൽ ബുള്ളറ്റു കൊണ്ടേറ്റ പരിക്കുകളോടെ രണ്ട് പേർ ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിലൊരാൾ ജാമിയ വിദ്യാർത്ഥിയാണ്. 

jamia protests two people in treatment with bullet injuries delhi police denies
Author
New Delhi, First Published Dec 16, 2019, 9:43 PM IST

ദില്ലി: ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി നടന്ന സമരത്തിനിടെ നടന്ന സംഘർഷത്തിൽ വെടിയേറ്റ പരിക്കുകളോടെ രണ്ട് പേർ ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് റിപ്പോർട്ട്. ദേശീയമാധ്യമമായ എൻഡിടിവിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സഫ്ദർ ജംഗ് ആശുപത്രി സൂപ്രണ്ടാണ് ഈ വിവരം നൽകിയതെന്നും ചികിത്സയിലുള്ളവരിൽ ഒരാൾ ജാമിയ വിദ്യാർത്ഥിയാണെന്നും രണ്ടാമത്തെ ആളുടെ വിവരം പുറത്ത് പറയാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നുമാണ് എൻഡിടിവി റിപ്പോർട്ട്. എന്നാൽ ദില്ലി പൊലീസ് ഈ റിപ്പോർട്ട് നിഷേധിച്ചു. കണ്ണീർ വാതകഷെല്ലാകും കാലിൽ തറഞ്ഞ് കയറിയതെന്നാണ് ദില്ലി പൊലീസിന്‍റെ വാദം. എന്താണ് സംഭവമെന്ന് അന്വേഷിച്ച് വരികയാണെന്നും ദില്ലി പൊലീസ് പിആർഒ വ്യക്തമാക്കി. 

'പൊലീസ് വെടിവച്ചിട്ടില്ല'

ജാമിയ മിലിയ സർവകലാശാലയ്ക്ക് അകത്ത് കയറി പൊലീസ് നടത്തിയ നടപടിയും ഇതേത്തുടർന്നുണ്ടായ സംഘർഷവും സംബന്ധിച്ച് ഉയർന്ന എല്ലാ ആരോപണങ്ങളും തള്ളി ദില്ലി പൊലീസ് രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ആയുധങ്ങൾ പ്രയോഗിച്ചെന്നും വെടിവച്ചെന്നുമുള്ള ആരോപണങ്ങൾ തെറ്റെന്ന് ദില്ലി പൊലീസ് പിആർഒ എം എസ് രൺധാവ ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സർവകലാശാലയ്ക്ക് നേരെ വെടിയുതിർത്തിട്ടില്ല. കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിക്കേണ്ടി വന്നത് സർവകലാശാലയുടെ അകത്ത് നിന്ന് കല്ലേറുണ്ടായതുകൊണ്ടാണെന്നും പൊലീസ് ന്യായീകരിക്കുന്നു. 

പൊലീസ് നടപടിയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും വ്യാജപ്രചാരണങ്ങളും പരന്നുവെന്ന് ദില്ലി പൊലീസ് വിശദീകരിക്കുന്നു. ''ഒരു വിദ്യാർത്ഥിയുടെ നേർക്കും പൊലീസ് വെടി ഉതിർത്തിട്ടില്ല.ഞങ്ങൾ പ്രൊഫഷണലായാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വളരെ കുറച്ച് മാത്രം ഫോഴ്‍സ് ഉപയോഗിച്ച് സ്ഥിതി ശാന്തമാക്കാനാണ് ഞങ്ങൾ നോക്കിയത്'', എന്ന് ദില്ലി പൊലീസ് പിആർഒ. 

സംഘർഷത്തിനിടെ 30 പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എസിഡി, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വരെ പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്റ്റേഷൻ ഹെഡ് ഓഫീസർമാരുടെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഒരു പൊലീസുദ്യോഗസ്ഥൻ ഐസിയുവിൽ ചികിത്സയിലാണ് - എന്ന് പിആർഒ പറയുന്നു.

പൊലീസിനെതിരെ ആഞ്ഞടിച്ച് വിസി

എന്നാൽ സർവകലാശാലയ്ക്ക് അകത്ത് കയറി നടത്തിയ പൊലീസ് നടപടിയെ വൈസ് ചാൻസലറും ചീഫ് പ്രോക്ടറും അടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. സർവകലാശാലയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ പൊലീസിന് ആരും അനുമതി നൽകിയിരുന്നില്ല. ക്യാമ്പസിനകത്തേക്ക് കയറുക മാത്രമല്ല, വിദ്യാർത്ഥികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്യുന്നതിന് ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അക്തർ ചോദിച്ചു. ക്യാമ്പസിനകത്ത് കയറി അക്രമം കാണിച്ച പൊലീസിനെതിരെ പരാതി നൽകുമെന്നും വിസി വ്യക്തമാക്കിയിരുന്നു. 

എന്നാൽ സർവകലാശാലാ ക്യാമ്പസിനകത്തേക്ക് പൊലീസുദ്യോഗസ്ഥർ കയറിയെന്ന് സമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് നിന്ന് നുഴഞ്ഞു കയറിയ ചിലരെ പിടിക്കാനാണ് അകത്ത് കയറിയതെന്നും, അതിനിടെ എതിരെ വന്ന പ്രതിഷേധക്കാരെ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് ദില്ലി പൊലീസ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെടുന്നത്.

അത്തരത്തിൽ പ്രതിഷേധക്കാരെ തള്ളി മാറ്റാൻ തുടങ്ങിയപ്പോൾ ക്യാമ്പസിനകത്ത് നിന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുമെന്നും പൊലീസ് പറയുന്നു. 

എന്നാൽ ലൈബ്രറിയുടെ അകത്ത് അടക്കം കയറി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത് എന്തിന് എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ദില്ലി പൊലീസ് പിആർഒ കൃത്യമായ മറുപടി നൽകിയില്ല. 

പൊലീസ് വെടിവയ്പിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും ഉയർന്നിട്ടുണ്ടെന്നും അത്തരം എല്ലാ പ്രചാരണങ്ങളും തെറ്റാണെന്നും ജനം ഇത് വിശ്വസിക്കരുതെന്നും പൊലീസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios