ദില്ലി: പൗരത്വ ദേദഗതിക്കെതിരെ ജാമിയ വിദ്യാർത്ഥികളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സർവലാശാലക്ക് മുന്നിൽ പ്രതിഷേധം തുടരും. ഇന്നലെ വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം. വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ മാർച്ചിന് പിന്തുണമായി എത്തിയിരുന്നു. പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വിദ്യാർത്ഥികളുടെ പ്രഖ്യാപനം.

ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ മണ്ഡി ഹൗസ് പരിസരത്ത് പൊലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച്  നൂറുകണിക്കിന് പ്രതിഷേധക്കാര്‍ മണ്ഡി ഹൗസിൽ  ഒത്തുകൂടി. പിന്നാലെ  മാർച്ചിന് പൊലീസ് അനുമതി നൽകി. പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മാർച്ചിന് പിന്തുണയറിയിച്ച് ജെഎൻയു, ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഭീം ആർമി, സ്വരാജ് അഭിയാൻ പ്രവർത്തകരും എത്തിയിരുന്നു. ഭേദഗതി പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ ഷെഹീന ബാഗ്, കാളിന്ദി കുഞ്ജ് എന്നിവിടങ്ങളിലും ഇന്നലെ സമരം നടന്നു. സീമാ പുരിയിലെ ആക്രമവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു.