Asianet News MalayalamAsianet News Malayalam

പ്രചോദനം സോഷ്യല്‍ മീഡിയ, ജാമിയയില്‍ വെടിവച്ചയാള്‍ക്ക് കുറ്റബോധമില്ലെന്ന് പൊലീസ്

വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കിയതായി...

Jamia Teen Shooter Influenced By Social Media and No Remorse over his action says delhi Cops
Author
Delhi, First Published Jan 31, 2020, 3:59 PM IST

ദില്ലി: പൗരത്വനിമഭേദഗതിക്കെതിരെ ജാമിയ മിലിയയില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തയാള്‍ക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ്. 'അവന്‍റെ നടപടിയില്‍ അവന് യാതൊരു കുറ്റബോധവുമില്ല' എന്ന് പൊലീസ് വ്യക്തമാക്കി. വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൗരത്വനിയമഭേദഗതിയില്‍ വലിയ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഷഹീന്‍ ബാഗില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് 
17കാരനായ ഇയാള്‍ ശ്രമിച്ചത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഷഹീന്‍ ബാഗില്‍ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. 

സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നു. നിശ്ചയിച്ച പദ്ധതി പ്രകാരം സുഹൃത്തില്‍ നിന്ന് തോക്ക് വാങ്ങി. 

''അയാള്‍ക്ക് ഷഹീന്‍  ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.'' - പൊലീസ് വ്യക്തമാക്കി. 

ജാമിയയിലെത്തിയ ഇയാള്‍ കണ്ടത് പ്രതിഷേധകരെയാണ്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് വന്നു. തുടര്‍ന്ന് പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 

പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ''എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക'' എന്ന് അയാള്‍ പറയുന്നു. 'ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു' എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്.
 
ഇയാളുടെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നേക്കി നില്‍ക്കെയായിരുന്നു വെടിവയ് പ്പ്. കയ്യില്‍ ചോരയൊലിച്ച് നിന്ന ഷദാബിനെ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം തോക്കുമായി പാഞ്ഞടുത്ത ഇയാളെ തടയാന്‍ പൊലീസ് യാതൊന്നും ചെയ്തില്ലെന്ന് ജാമിയയിലെ വിദ്യാര്‍ത്ഥിയായ ആംന ആസിഫ് എന്‍ഡിടിവിയോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios