Asianet News MalayalamAsianet News Malayalam

പൂഞ്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ

യുവാക്കൾ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാർട്ടികളും ഗുരുതര ആരോപണം ഉയർത്തുന്നതിനിടെയാണ് സർക്കാർ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.

Jammu and Kashmir administration announced compensation and jobs to kin of three civilians who found dead near terrorist ambush site etj
Author
First Published Dec 24, 2023, 9:22 AM IST

ശ്രീനഗർ: കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീർ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്. വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാക്കൾ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാർട്ടികളും ഗുരുതര ആരോപണം ഉയർത്തുന്നതിനിടെയാണ് സർക്കാർ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.

മരിച്ച മൂന്ന് യുവാക്കളുടേയും സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ സ്വദേശമായ ടോപാ പിയർ ഗ്രാമത്തിൽ നടന്നു. ജമ്മു കശ്മീർ ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ജാന്‍ഗിഡ്, പൂഞ്ച് ഡെപ്യൂട്ടി മജിസ്ട്രേറ്റ് ചൌധരി മൊഹമ്മദ് യാസിന്‍, പൊലീസ് സീനിയർ സൂപ്രണ്ട് വിനയ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 44 കാരനായ സഫീർ ഹുസൈന്‍, 22 കാരനായ ഷൌക്കത്ത് അലി, 32കാരനായ ഷാബിർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സേനാ ക്യാംപിൽ വച്ച് നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെയാണ് യുവാക്കളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

എന്നാൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെ സേനാ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ നിന്ന് 9 പേരെ അവരുടെ വീട്ടിൽ നിന്ന് പിടിച്ച് കൊണ്ടുപോയതാണെന്നും ഇവരെ ക്യാംപിനുള്ളിൽ വച്ച് മർദ്ദിച്ചതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭീകരസംഘവുമായി മരിച്ച യുവാക്കൾക്കുള്ള ബന്ധം തെളിയിക്കുന്ന തെളിവ് നൽകണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. ആസിഡ്, മുളക് പൊടി എന്നിവ ശരീരത്തിൽ ഇടുകയും വെള്ളം നിറച്ച ടാങ്കുകളിൽ ഇട്ട് ഷോക്ക് അടിപ്പിച്ചതടക്കം ക്രൂരമായ പീഡനം യുവാക്കളുടെ മേൽ നടന്നതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എല്ലാ വിധ മൂന്നാം മുറ പ്രയോഗങ്ങൾക്കും ഇരയായതാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ഉയർത്തുന്ന ഗുരുതര ആരോപണം.

അതേസമയം ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയതിലും അന്വേഷണം ഊർജിതമാണ്. രജൗരിയിലും പൂഞ്ചിലും ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios