ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീർ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധുരിയോട് ശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി പറഞ്ഞത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി. 

യുഎൻ സാന്നിധ്യവും ഷിംല കരാറും ലാഹോർ ഉടമ്പടിയും ചൂണ്ടിക്കാട്ടിയാണ് ജമ്മുകശ്മീർ ഇന്ത്യയുടെ അഭ്യന്തരവിഷയം മാത്രമാണോ എന്ന ചോദ്യം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഉന്നയിച്ചത്. ഇന്ത്യയുടെ സംസ്ഥാനമെന്ന് ഇന്ത്യൻ ഭരണഘടനയും ജമ്മുകശ്മീർ ഭരണഘടനയും അംഗീകരിച്ച പ്രദേശത്തിൽ പൂർണ്ണ അധികാരം രാജ്യത്തിനുണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. പാകിസ്ഥാനൊപ്പം ചൈനയുടെ കൈയ്യിലുള്ള പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമെന്നും അമിത് ഷാ.

ബില്ലിൻമേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ല് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് ലോക്സഭയിലെ കോൺഗ്രസിന്‍റെ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധുരി ആരോപിച്ചു. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കർ ഓംപ്രകാശ് ബിർള ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസ് നിരയിൽ ഇരിക്കുന്ന രാഹുൽ ഗാന്ധി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 

ഇതേത്തുടർന്ന് സഭയിൽ ബഹളം തുടങ്ങി. അമിത് ഷാ സംസാരിക്കുമ്പോഴൊക്കെ പ്രതിപക്ഷ എംപിമാർ ബഹളം വച്ചപ്പോൾ ക്ഷോഭിച്ചാണ് അമിത് ഷാ സംസാരിച്ചത്. ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ് - അമിത് ഷാ പറഞ്ഞു. ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്‍റെ ബഹളം രൂക്ഷമായി. ബില്ലിന്‍റെ നിയമവശങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയിൽ ചൂണ്ടിക്കാട്ടുന്നത്.

തൃണമൂൽ കോൺഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ സംസാരിച്ച ഡിഎംകെ എംപി ടി ആർ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു. എന്‍റെ സുഹൃത്തും എംപിയുമായ ഒമർ അബ്ദുള്ള എവിടെയെന്ന് എനിക്കറിയില്ലെന്ന് ടി ആർ ബാലു പറഞ്ഞപ്പോഴേക്ക് വീണ്ടും ബഹളമായി. ഭരണപക്ഷ എംപിമാരും എഴുന്നേറ്റ് നിന്ന് ബഹളം തുടങ്ങി. ചർച്ച നടക്കുമ്പോൾ സംസാരിച്ചാൽ മതിയെന്ന് എഴുന്നേറ്റ് നിൽക്കുന്ന പ്രതിപക്ഷ എംപിമാരോട് ഓം ബിർള വ്യക്തമാക്കി. 

Updating .... 

രാജ്യസഭ ഇന്നലെ ബിൽ പാസ്സാക്കി

ബില്ല് ഇന്നലെ രാജ്യസഭ പാസ്സാക്കി. എൻഡിഎ സർക്കാരിന് വൻനേട്ടം. പ്രകടനപത്രികയിലെ വലിയൊരു വാഗ്‍ദാനം പാലിച്ച്, ജമ്മു കശ്മീരിനെ മറ്റേതൊരു സംസ്ഥാനം പോലെയാക്കുകയായിരുന്നു ഒറ്റ സ്ട്രോക്കിൽ അമിത് ഷാ. ബില്ല് പാസ്സായപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അമിത് ഷായെ അഭിനന്ദിച്ചു. കൈ പിടിച്ച് കുലുക്കി, തോളത്ത് തട്ടി അഭിനന്ദനം. കൈ കൂപ്പി, കൈ പിടിച്ച് അമിത് ഷാ. 

ജമ്മു കശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ജമ്മു കശ്മീരിൽ വികസനം തടഞ്ഞതെന്നും, അഴിമതി വളർത്തിയതെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. യൂറോപ്പിലെ സെർബിയയും കൊസോവോയും പോലെ ആഭ്യന്തരയുദ്ധത്തിലേക്ക് കശ്മീരിനെ മാറ്റില്ലെന്നും, അത്തരമൊരു നടപടിയില്ലാതിരിക്കാനുള്ള ഇച്ഛാശക്തി എൻഡിഎ സർക്കാരിനുണ്ടെന്നും അമിത് ഷായുടെ അവകാശവാദം. 

ജമ്മു കശ്മീരിന് പൂർണ സംസ്ഥാനപദവി നൽകുമെന്നും, പക്ഷേ, ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെടുന്നത് വരെ കേന്ദ്ര ഭരണപ്രദേശമായി തുടരുമെന്നുമാണ് അമിത് ഷാ ചർച്ചയ്ക്ക് ശേഷമുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടിയത്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായാണ് ബില്ലുകളനുസരിച്ച് ജമ്മു കശ്മീർ വിഭജിക്കപ്പെടുന്നത്. നിയമസഭയുള്ള ജമ്മു കശ്മീർ ഒന്ന്, പ്രത്യേക ഭരണസംവിധാനത്തിന് കീഴിലുള്ള ലഡാക്ക് രണ്ടാമത്തേത്. 

370, 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ നിലനിൽക്കവെ സംസ്ഥാനത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കുക അസാധ്യമാണെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യം നിലനിർത്താനല്ല, ഈ നീക്കങ്ങൾ സഹായകമായതെന്ന് ഷായുടെ ആരോപണം.

ടൂറിസം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, വികസനം എന്നീ മേഖലകളിലെ വികസനപ്രശ്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഷായുടെ പ്രസംഗം. ഒടുവിൽ ജമ്മു കശ്മീർ വിഭജനബില്ല്, 125-നെതിരെ 61 വോട്ടുകൾക്ക് പാസ്സായി. ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്ത് നിന്ന് ബിഎസ്‍പി അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെഡി, അണ്ണാ ഡിഎംകെ, വൈ എസ് ആർ കോൺഗ്രസ്, എന്നിവരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 

രാജ്യസഭ ബില്ല് പാസാക്കിയതോടെ ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ലോക്സഭയിലും വലിയ ഭൂരിപക്ഷത്തിൽ ബില്ല് പാസ്സാകും. ബിഎസ്‍പിയും ബിജു ജനതാദളും ലോക്സഭയിലും അനുകൂലിക്കും.

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച ആ 'ഒറ്റ സ്ട്രോക്ക്'

നിയമത്തിലെ പഴുതുകൾ നന്നായി ഉപയോഗിച്ചു ബിജെപി. പ്രാദേശിക പാർട്ടികളെ ഒപ്പം കൊണ്ടു വന്നു. എല്ലാ മുന്നൊരുക്കവും ബിജെപി രഹസ്യമായി നടത്തുന്നുണ്ടായിരുന്നു. പാർലമെൻറിൽ ഇത്ര പ്രധാനപ്പെട്ട ബിൽ കൊണ്ടു വന്നത് ഒടുവിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ.

ഒരു പ്രമേയവും രണ്ടു ബില്ലുകളും അവതരിപ്പിച്ച് ചർച്ചയും തുടങ്ങുന്നു. ബില്ലുകളിൽ എന്തെന്ന് പോലും അംഗങ്ങൾ അറിഞ്ഞത് പിന്നീട്. എന്നാൽ പ്രതിരോധിക്കാനുള്ള ശക്തി പോലും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. ബില്ല് അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പ് മൂന്ന് പ്രതിപക്ഷ എംപിമാർ രാജി വച്ചു. ഇതിൽ അസമിൽ നിന്നുള്ള കോൺഗ്രസിന്‍റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത ബില്ലിനോടുള്ള പാർട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശബ്ദ നീക്കത്തിൻറെ സൂചനയായി.

സംസ്ഥാന നിയമസഭയ്ക്കു പകരം പാ‍ർലമെന്‍റിന്‍റെ അനുമതി എന്ന കേന്ദ്രസർക്കാർ നിർദ്ദേശം രാഷ്ട്രപതി അംഗീകരിച്ചു. ഫക്രുദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥയിൽ ഒപ്പു വച്ചതുപോലെയെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ ട്വിറ്ററിൽ കുറിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം സംഘപരിവാറിൽ നിന്നുള്ളവർ എത്താനുള്ള ഭൂരിപക്ഷമാണ് മോദി നേടിയത്.

ഇതുപോലെ നാടകീയമായി വലിയ തീരുമാനങ്ങളെടുക്കാൻ ഇനിയും സർക്കാരിനാവും. ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയ്ക്കൊപ്പം നിന്ന കക്ഷിനേതാക്കൾ കശ്മീർ താഴ്വരയിൽ വീട്ടുതടങ്കലിലായിരിക്കുമ്പോഴാണ് ബിൽ പാസ്സായത്. അതായത് കശ്മീർ ജനതയുടെ പിന്തുണ ഉറപ്പാക്കാതെയാണ് സർക്കാരിന്‍റെ തീരുമാനം. ഇത് കടുത്ത അതൃപ്തി താഴ്വരയിൽ സൃഷ്ടിക്കും. ഹിന്ദു വോട്ടുബാങ്ക് ഏകീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് രാജ്യസഭയിലെ നീക്കങ്ങൾ കൂടുതൽ കരുത്ത് പകരും.