ദില്ലി: ജമ്മുകശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ബംഗ്ലാദേശ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അതുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളും  ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ജമ്മുകശ്മീരില്‍ സമാധാന അന്തരീക്ഷവും സ്ഥിരതയും പുലര്‍ത്തേണ്ടതുണ്ട്. വികസനത്തിനാണ് ഏത് രാജ്യവും മുന്‍ഗണന നല്‍കുക. അതിനാല്‍ തന്നെ ഇന്ത്യയുടെ നടപടിയെ അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കരുതാന്‍ കഴിയൂ എന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 5നാണ് മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.  സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയ നടപടി രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.