നിതീഷിനെയും ലാലുവിനെയും ബിഹാർ ജനത വെറുത്തു. ജൻസുരാജ് സർക്കാർ ഉണ്ടാക്കണമെന്ന് ബിഹാർ ജനത ആഗ്രഹിക്കുന്നു. ജൻസുരാജ് വ്യക്തിയുടെയോ കുടുംബത്തിൻ്റെയോ പാർട്ടിയല്ലെന്നും പ്രശാന്ത് കിഷോർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ബിഹാർ: ബിഹാറിലെ പരമ്പരാഗത രാഷ്ട്രീയ സാഹചര്യത്തെ പിന്തള്ളി നിയമസഭ തെരഞ്ഞെടുപ്പിൽ കറുത്ത കുതിരയാകാൻ പ്രശാന്ത് കിഷോർ. തൻ്റെ പാർട്ടി ജൻസുരാജ് വോട്ട് കട്ടർ പാർട്ടിയാണെന്നും ഇരുമുന്നണികൾക്കും ഭീഷണിയാകുമെന്നും പ്രശാന്ത്കിഷോർ ബിഹാറിലെ സുപോലിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീമാഞ്ചൽ മേഖല കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ സജീവ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോറിൻ്റെ റാലികളിലേക്ക് യുവാക്കൾ ധാരാളമായി ആകർഷിക്കപ്പെടുന്നുണ്ട്.

രാത്രി വളരെ വൈകിയും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം. അവർക്ക് ഇടയിലേക്ക് പുതിയ ആവശമായി പ്രശാന്ത് കിഷോർ. കേവലം മൂന്ന് വയസ് മാത്രം പ്രായമുള്ള ജൻസുരാജ് പാർട്ടി മുൻപോട്ട് വെയ്ക്കുന്ന ബദൽ സസൂക്ഷ്മം കേൾക്കുകയാണ് ബിഹാറിലെ വലിയപാർട്ടികളുടെ അണികളടക്കമുള്ള വോട്ടർമാർ. ജാതിരാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്തി വികസനം, സദ് ഭരണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന പ്രശാന്ത് കിഷോറിൻ്റെ സാന്നിധ്യം ഇരു മുന്നണികൾക്കും തലവേദയാണ്. ബിജെപിക്കായി വോട്ട് ചിതറിക്കുന്ന ബി ടീമെന്ന ആക്ഷേപം മഹാസഖ്യം ശക്തമാക്കുമ്പോൾ താൻ എല്ലാ പാർട്ടികളുടെയും വോട്ടുകൾ ഭിന്നിപ്പിക്കുന്ന ശക്തിയാണെന്ന് പ്രശാന്ത് കിഷോർ പറയുന്നു. 

വ്യക്തിയുടെയോ കുടുംബത്തിൻ്റെയോ പാർട്ടിയല്ലെന്ന പ്രതികരണത്തിലൂടെ ആർജെഡിക്കും ജെഡിയുവിനും കുത്ത്. നിതീഷ് കുമാറിനെയും ലാലുപ്രസാദ് യദവിനെയും ജനം മടുത്തെന്നും പ്രശാന്ത് കിഷോർ. യാദവ മുസ്ലിം വോട്ടുകള്‍ നിർണ്ണായകമാകുന്ന സീമാഞ്ചൽ മേഖലയിൽ ക്യാമ്പ് ചെയ്താണ് പ്രശാന്ത് കിഷോറിൻ്റെ പ്രചാരണം. ഇരുവിഭാഗങ്ങൾക്കും സ്ഥാനാർത്ഥി പട്ടികയിലും മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സ്വാഭാവികമായും ആർജെഡിക്കാണ് ക്ഷീണമുണ്ടാകുക. റാലികളിൽ നിതീഷ് കുമാറിനെയും കടന്നാക്രമിക്കുമ്പോൾ മോദിക്കെതിരെ പരിധി വിട്ട വിമർശനങ്ങൾ നടത്താതിരിക്കാനുള്ള ജാഗ്രതയും കാണാം.

'ജൻസുരാജ് വോട്ട് പിടിക്കും'; ബിഹാറിലെ മത്സരം എൻഡിഎയും ജൻസുരാ​ജും തമ്മിലെന്ന് പ്രശാന്ത് കിഷോർ