വിവാദം അവഗണിക്കാനാണ് സര്‍ക്കാര്‍ പാര്‍ട്ടി തലങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.അദാനിയുമായി സഹകരിച്ച പ്രതിപക്ഷ സര്‍ക്കാരുകളുടെ പട്ടിക ഉയര്‍ത്തി രാഷ്ട്രീയമായി നേരിടാനാണ് ബിജെപി നീക്കം
ദില്ലി: അദാനി വിവാദത്തില്‍ കനത്ത തിരിച്ചടിയേറ്റ സര്‍ക്കാര്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം തടയാനുള്ള തീവ്രശ്രമത്തില്‍. രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും പിന്നാലെ പ്രധാനമന്ത്രിക്കെതിരായ ജയറാം രമേശിന്‍റെ പ്രസ്താവനയും രേഖയില്‍ നിന്ന് നീക്കി. അദാനിയുമായി സഹകരിച്ച പ്രതിപക്ഷ സര്‍ക്കാരുകളുടെ പട്ടിക ഉയര്‍ത്തി രാഷ്ട്രീയമായി നേരിടാനാണ് നീക്കം.
കഴിഞ്ഞ ഒരാഴ്ചയായി പാര്‍ലമെന്‍റില്‍ അദാനി വിവാദം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയില്ലെന്ന് മാത്രമല്ല,വിമര്‍ശനങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കി ജനം അറിയാതിരിക്കാനുള്ള നീക്കവും നടത്തി. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കേ വിഷയം വീണ്ടും ഉയരാതിരിക്കാനും, പ്രധാനമന്ത്രിക്കെതിരായ നീക്കമായി മാറാതിരിക്കാനും ജാഗ്രത കാട്ടുകയാണ് ഭരണപക്ഷം. ഇതിനോടകം ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന ജയറാം രമേശിന്‍റെ പ്രസംഗത്തിലെ പരാമര്‍ശവും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.
സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രതിരോധമാണ് അദാനി വിവാദത്തില്‍ സഭാധ്യക്ഷന്മാര്‍ പാര്‍ലമെന്‍റില്‍ തീര്‍ത്തത്. അദാനിയെന്ന വാക്കുച്ചരിക്കുന്നത് പോലും ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്കി. ഇക്കാര്യത്തില്‍ പ്രത്യേകിച്ച് രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ കാട്ടുന്ന അമിത താല്‍പര്യത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ കടുത്ത അമര്‍ഷമാണ് പുകയുന്നത്. മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്‍റെ സഹിഷ്ണുത ജഗദീപ് ധന്‍കര്‍ കാട്ടുന്നില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉയര്‍ത്തി. കേരളം, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ അദാനിയെ പദ്ധതികളില്‍ സഹകരിപ്പിച്ചിരുന്നെന്ന വാദമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. വിവാദം അവഗണിക്കാനാണ് സര്‍ക്കാര്‍ പാര്‍ട്ടി തലങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
