പറ്റ്ന: ബിഹാറിനെ നാലാം തവണയും നിതീഷ്  തന്നെ നയിക്കും. പുതിയ എൻഡിഎ സർക്കാർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള യോഗം എൻഡിഎയുടെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. സർക്കാർ രൂപീകരിക്കാൻ  അവകാശവാദമുന്നയിച്ച് അദ്ദേഹം അൽപസമയത്തിനകം ഗവർണ്ണറെ കാണും. ഔദ്യോഗിക പ്രഖ്യാപനം അൽപ്പ സമയത്തിനുള്ളിൽ നടക്കും. 

ഉപമുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സുശീൽ മോദി തന്നെ തുടരും. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി വിഐപി പാർട്ടിയും ഹിന്ദുസ്ഥാനി ആവാം മോർച്ചയും ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇത് പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് നിലവി ലഭിക്കുന്ന വിവരം. സുപ്രധാന വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നതാണ് ഇനി നിർണായകമാകുക. ഇതിൽ അൽപ്പസമയത്തിനുള്ളിൽ വിശദീകരണം ലഭിച്ചേക്കും. 

ബിജെപിക്കോ ലാലുപ്രസാദ് യാദവിനോ അവകാശപ്പെടാനുള്ളതിന്‍റെ ചെറിയൊരു ശതമാനം പോലും  സാമുദായിക പിന്തുണയില്ലാത്ത നിതീഷ് കുമാര്‍ നേതൃ പ്രതിച്ഛായ ഒന്നു കൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ദേശീയ രംഗത്തേക്കും നിതീഷ് കുമാര്‍ ഉയര്‍ന്നു. രണ്ട് ശതമാനം മാത്രമുള്ള തന്‍റെ സാമുദായിക വോട്ടുകള്‍ക്കൊപ്പം പല വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുളള നിതീഷ് കുമാറിന്‍റെ സോഷ്യല്‍ എഞ്ചിനിയറിംഗിനെ വെല്ലാനും ആര്‍ക്കുമായില്ല.

എക്കാലത്തും കുടുംബരാഷ്ട്രീയ്തിനെതിരെ ശബ്ദിച്ച നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് സ്വന്തം കുടുംബത്തെ അകറ്റി നിര്‍ത്താനും ജാഗ്രത പുലര്‍ത്തി. ഏറ്റവുമൊടുവില്‍ പാര്‍ട്ടിയുടെ  ബിഹാറിലെ സാമൂഹിക അടിത്തറ ചോരുന്നതിന് സാക്ഷിയായ നിതീഷ് കുമാര്‍ ഭരണ വിരുദ്ധ വികാരം അടക്കം മായ്ച്ചെടുക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിജെപി ചലിപ്പിക്കുന്ന സര്‍ക്കാരില്‍ ഇത്തവണ  നിതീഷ് കുമാറിന്‍റെ ഭാവിയെന്തെന്നതും കാത്തിരുന്ന് കാണേണ്ടി വരും. നിതീഷിനെ ബിജെപി ദുർബലനാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. നിതീഷ് മുഖ്യമന്ത്രിയായാലും ഭരണ നിയന്ത്രണം മറ്റാരുടെയെങ്കിലും കൈയിലായിരിക്കുമെന്നും കോൺഗ്രസ് വിമർശിച്ചു.