പാറ്റ്ന: ബംഗാളിനെ മമതാ ബാനര്‍ജി മിനി പാക്കിസ്ഥാനാക്കി മാറ്റിയെന്ന് ജനതാദള്‍ യുണൈറ്റഡ്. ബീഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യം ചേരാനില്ലെന്ന ജനതാദളിന്‍റെ തീരുമാനത്തെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്ത മമതാ ബാനര്‍ജിയോട് കടുത്ത ഭാഷയിലാണ് ജെഡിയു പ്രതികരിച്ചത്. മമത സ്വന്തം കാര്യം നോക്കാനും പാര്‍ട്ടി തീരുമാനത്തില്‍ ഇടപെടണ്ടെന്നും ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. 

നന്ദി പറഞ്ഞതുകൊണ്ട് മമത ചെയ്ത തെറ്റുകള്‍ ഇല്ലാതാവില്ല. ബംഗാളിനെ മമത മിനി പാക്കിസ്ഥാനാക്കി മാറ്റി. ബംഗാളില്‍ ബീഹാറില്‍ നിന്നുള്ളവര്‍ ആക്രമിക്കപ്പെടുന്നു. ദിവസവും കൊലപാതകങ്ങള്‍ ബംഗാളില്‍ നടക്കുന്നെന്നും അജയ് അലോക് ആരോപിച്ചു. ഇക്കഴിഞ്ഞ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ദില്ലി, ജാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ആവശ്യപ്പെട്ട മന്ത്രി സ്ഥാനം നല്‍കാത്തതില്‍ ബിജെപിയോടുള്ള പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ദേശീയപാര്‍ട്ടി പദവിയും ലക്ഷ്യം വെച്ചാണ് ജെഡിയുവിന്‍റെ തീരുമാനം.