ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയര്‍വേയ്സിന്‍റെ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ താത്കാലികമായി നിര്‍ത്തലാക്കുന്നു. അടിയന്തിരമായി ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക എന്ന തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.
ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.

വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വേയ്സ്. മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വേയ്‌സ് ഉയര്‍ന്ന് വന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബുദബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വേയ്‌സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല.