50 ലക്ഷം രൂപയുടെ ആഭരണങ്ങളും 22 ലക്ഷം രൂപയുടെ പണവുമാണ് പ്രതികൾ ജ്വല്ലറിയില്‍ നിന്ന് കവർന്നത്. ഒരു ഏറ്റുമുട്ടലിന് ശേഷം രാഘവേന്ദ്ര പാണ്ഡെ എന്നയാളെയാണ് പൊലീസ് ആദ്യം പിടികൂടിയത്

ലഖ്നൗ: യുപി പൊലീസിനെ ഏറെ വലച്ച കഴിഞ്ഞ മാസം നടന്ന ജ്വല്ലറി കവര്‍ച്ചയിലെ പ്രതികൾ അറസ്റ്റിൽ. നാല് പേരെയാണ് ഗോണ്ട പൊലീസ് പിടികൂടിയിട്ടുള്ളത്. ഒരു തുമ്പും കിട്ടാതെ പൊലീസ് വലഞ്ഞ കേസില്‍ പ്രതികൾ കാണിച്ച ഒരു അബദ്ധമാണ് വഴിത്തിരിവായത്. മോഷ്ടിച്ച ആഭരണങ്ങൾ, ഐഫോൺ, പുതുതായി വാങ്ങിയ എസ്‌യുവി എന്നിവയുടെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്തത് പൊലീസിന് അവരിലേക്ക് എത്താനുള്ള വഴിയായി മാറി. 

50 ലക്ഷം രൂപയുടെ ആഭരണങ്ങളും 22 ലക്ഷം രൂപയുടെ പണവുമാണ് പ്രതികൾ ജ്വല്ലറിയില്‍ നിന്ന് കവർന്നത്. ഒരു ഏറ്റുമുട്ടലിന് ശേഷം രാഘവേന്ദ്ര പാണ്ഡെ എന്നയാളെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ബാക്കിയുള്ള മൂന്ന് പ്രതികളായ സൂരജ് പാണ്ഡെ, സതേന്ദ്ര പാണ്ഡെ, ഫർഹാൻ അൻസാരി എന്നിവർ ഇതോടെ കീഴടങ്ങുകയും ചെയ്തു. കേണൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിശ്വനാഥ് സാഹുവിന്‍റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ മാർച്ച് നാലിനാണ് കവർച്ച നടന്നത്. 

പ്രതികളെ പിടികൂടുന്നതിനായി അഞ്ച് ടീമുകളെയാണ് നിയോഗിച്ചിരുന്നതെന്ന് ഗോണ്ട പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു. സൈബര്‍ ടീമുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ജ്വല്ലറിയിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. അങ്ങനെയാണ് രാഘവേന്ദ്രയെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്വർണ്ണ ചെയിൻ ധരിച്ച ചിത്രങ്ങൾ ഇയാള്‍ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 

ഐ ഫോണും എക്സ്‍യുവിയും പുതിയതായി വാങ്ങിയെന്നും വ്യക്തമായി. അതിവേഗം രാഘവേന്ദ്ര പണക്കാരനായി മാറിയതാണ് സംശയങ്ങളുണ്ടാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോള്‍ വെടിയുതിര്‍ത്തുവെന്നും ഏറ്റുമുട്ടലിലൂടെയാണ് കീഴടക്കിയതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ജ്വല്ലറിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന രാഘവേന്ദ്ര എല്ലാ വിവരങ്ങളും മനസിലാക്കി സുഹൃത്തുക്കള്‍ക്കൊപ്പം കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു.

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...