റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റിയിരിക്കുകയാണ് ബിജെപിക്ക്. ഭരണം കൈയ്യാളിയിരുന്ന ഒരു സംസ്ഥാനത്ത് കൂടി ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്നൊരു സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം ബിജെപി തന്നെയാണ് കൂടുതൽ സീറ്റുകളിൽ മുന്നിലുള്ള പാർട്ടി. 29 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. തൊട്ടുപിന്നിൽ 24 സീറ്റുള്ള ജെഎംഎമ്മാണ് മുന്നിൽ.

അതേസമയം ബിജെപിക്ക് വൻ തിരിച്ചടി നേരിട്ട ഒരു സീറ്റിൽ മുന്നേറുന്നത് ഒരു ഇടതുപാർട്ടിയാണ്. സിപിഐ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ലിബറേഷനാണിത്. ബഗോദർ സീറ്റിൽ സിപിഐ (എംഎൽ)(എൽ) സ്ഥാനാർത്ഥി വിനോദ് കുമാർ സിംഗാണ് മുന്നിലുള്ളത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ സിറ്റിംഗ് എംഎൽഎ നാഗേന്ദ്ര മാഹ്തോയാണ് കനത്ത തിരിച്ചടി നേരിട്ടത്. 

തുടക്കത്തിൽ പിന്നിലായിരുന്ന വിനോദ് കുമാർ ക്രമേണ നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്.  ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 2650 വോട്ടിന്റെ ലീഡാണ് വിനോദ് കുമാർ സിംഗിന് ഇവിടെയുള്ളത്. 2014 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗേന്ദ്ര മാഹ്തോ 4399 വോട്ടിന് ജയിച്ച സീറ്റിലാണ് ഇടതുപാർട്ടിയായ സിപിഐ (എംഎൽ)(എൽ)ന്റെ അട്ടിമറി.

താന ജില്ലക്കാരനാണ് വിനോദ് കുമാർ സിംഗ്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് 33 വയസാണ് പ്രായം. ഒരൊറ്റ ക്രിമിനൽ കേസ് പോലും ഇദ്ദേഹത്തിന്റെ പേരിലില്ലെന്നതാണ് മറ്റൊരു സവിശേഷത. 2009 ലും 2014 ലും ബഗോദർ മണ്ഡലത്തിൽ നിന്ന് വിനോദ് കുമാർ സിംഗ് ജനവിധി തേടിയിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടു. മൂന്നാമത്തെ പരിശ്രമത്തിൽ ഇദ്ദേഹം ബിജെപിയെ ഞെട്ടിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.