Asianet News MalayalamAsianet News Malayalam

റോഡ് തടസ്സപ്പെടുത്തി സമരം; ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ

 2016 ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിർമ്മിക്കുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്‍ദേകറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കേസിന് ആധാരം.

Jignesh Mevani will be sentenced to prison in the case of blocking the road for strike
Author
First Published Sep 16, 2022, 7:13 PM IST

ദില്ലി: റോഡ് തടസ്സപ്പെടുത്തി സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ. ജിഗ്നേഷ് മേവാനിക്കും 18 പേർക്കും ആറുമാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2016 ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിർമ്മിക്കുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്‍ദേകറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കേസിന് ആധാരം. റോഡ് തടസ്സപ്പെടുത്തി സമരം ചെയ്തതിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

മെഹ്സാനയിൽ 2017 ല്‍ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ കേസിൽ ജി​ഗ്നേഷ് മേവാനിക്ക് 3 മാസം തടവും 1000 രൂപ പിഴയും ഒടുക്കാൻ കഴിഞ്ഞ മെയ് മാസത്തില്‍ കോടതി വിധിച്ചിരുന്നു. ജിഗ്നേഷ് മേവാനി ഉൾപ്പെടെ 10 പേരെയാണ് മെഹ്സാനയിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ 12 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ബനസ്കന്ത ജില്ലയിലെ മെഹ്സാന മുതൽ ധനേറ വരെയായിരുന്നു മാർച്ച് നടത്തിയത്. ഗുജറാത്തിലെ ഉനയിൽ ഗോവധം ആരോപിച്ച് 5 ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിന്‍റെ വാർഷിക ദിനത്തിലായിരുന്നു മേവാനിയുടെ നേതൃത്വത്തിലുള്ള ആസാദി മാർച്ച്.

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ കൺവീനർ കൂടിയാണ്. മാധ്യമപ്രവർത്തകനായിരുന്ന ജിഗ്നേഷ് മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിയുകയായിരുന്നു. സ്വതന്ത്ര എം എൽ എ യാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജെ എൻ യു വിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios