ദില്ലി: ജെഎന്‍യു അക്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു. സർവകലാശാലകൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ആകുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. അക്രമം സംബന്ധിച്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇടതു സംഘടനകളിലെ വിദ്യാർത്ഥികൾ ജെഎന്‍യുവിന് അപഖ്യാതി ഉണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു.  സര്‍വ്വകലാശാലയെ അവര്‍  ഗുണ്ടാ കേന്ദ്രമാക്കി മാറ്റുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കപില്‍ സിബല്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. മുഖം മൂടി ധാരികൾക്ക്‌ എങ്ങനെ ക്യാംപസിൽ പ്രവേശിക്കാൻ സാധിച്ചു എന്നതിന് ഉത്തരമില്ല. സംഘർഷം നടക്കുമ്പോൾ വൈസ് ചാൻസിലർ എവിടെയായിരുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്നും കപിൽ സിബൽ പറഞ്ഞു.

ജെഎന്‍യു വൈസ് ചാന്‍സിലര്‍

സർവ്വകലാശാലയിൽ സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജെ എൻ യു വിസി എം ജഗദീഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. പഠനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും വിസി പറഞ്ഞു. 

അതേസമയം, ജെ എൻ യു സബർമതി ഹോസ്റ്റൽ വാർഡൻ രാജിവെച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.