ദില്ലി: ജെഎൻയു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി. ക്യാമ്പസിൽ സന്ദർശനം നടത്തുനിടെ പതിനഞ്ചോളം വരുന്ന വിദ്യാർത്ഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാൻസിലർ ഡോ. എം ജഗദീഷ് കുമാറിന്‍റെ പരാതി. 

വൈസ് ചാന്‍സലറുടെ കാറിന് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്. സെക്യൂരിറ്റി ജീവനക്കാർ എത്തിയാണ് തന്നെ സ്ഥലത്ത് നിന്നും രക്ഷിച്ചതെന്നും വിസി പറഞ്ഞു. വിഷയത്തിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, വൈസ് ചാന്‍സലറുടെ വാദം തെറ്റാണെന്നാണ് ജെഎൻ യു വിദ്യാർത്ഥി യൂണിയന്‍റെ വിശദീകരണം. വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രതികരിച്ചു.

വിദ്യാർത്ഥികളുമായി ചർച്ച നടത്താതെ ഒളിച്ചു നടക്കുന്ന വിസി ക്യാമ്പസിൽ എത്തിയപ്പോൾ ഇക്കാര്യം ചോദ്യം ചെയ്യതതാണെന്നും ഇക്കാര്യം ചോദിച്ചപ്പോൾ വിസി കടന്ന് കളയുകയായിരുന്നുവെന്നുമാണ് യൂണിയന്‍റെ വിശദീകരണം. ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജെഎൻയു വിദ്യാർത്ഥികൾ നീണ്ട സമരം നടത്തുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍.