സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി. പൗരൻ്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി: ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. പൗരൻ്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്നും പൗരന്മാരുടെ തലയിൽ ചിപ്പ് ഘടിപ്പിക്കാൻ കൂടിയേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുകയാണ്. പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി എന്ന് തിരിച്ചറിഞ്ഞാണ് 120 കോടി ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് സ്ഥാപിക്കാൻ ഉള്ള തീരുമാനമെന്നും എം പി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഇഡി നോട്ടീസിൽ പ്രതികരിച്ച ജോൺ ബ്രിട്ടാസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തമാശയായി മാറിയെന്നും തെരഞ്ഞെടുപ്പ് അടുക്കും വരെ നോട്ടീസ് അലമാരയിലായിരുന്നെന്നും പരിഹസിച്ചു.
ഇന്ത്യയിൽ വിൽക്കുന്നതിനായി നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഫോണിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ കഴിയില്ല. ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ ഫോൺ കമ്പനികൾക്ക് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. 90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോണ്‍ നിർമാതാക്കൾക്ക് നിർദേശം നൽകിയത്.


