ജമ്മുവിൽ അധികൃതർ വീട് പൊളിച്ചുനീക്കിയ മാധ്യമപ്രവർത്തകൻ അറഫാസിന്, അയൽവാസിയായ കുൽദീപ് ശർമ്മ വീടുവെക്കാൻ സൗജന്യമായി സ്ഥലം നൽകി. മയക്കുമരുന്ന് കടത്ത് റിപ്പോർട്ട് ചെയ്തതിനാണ് നടപടിയെന്ന് അറഫാസ് പറയുമ്പോൾ, അനധികൃത നിർമ്മാണമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദില്ലി: ജമ്മുവിൽ പത്രപ്രവർത്തകന്റെ വീട് പൊളിച്ചതിന് പിന്നാലെ വീട് നിർമിക്കാൻ സ്ഥലം നൽകി അയൽവാസി. മാധ്യമപ്രവര്‍ത്തകനായ അറഫാസ് അഹമ്മദ് ദൈങ് എന്നയാളുടെ വീടാണ് അധികൃതര്‍ കൈയേറ്റമാരോപിച്ച് പൊളിച്ചത്. പിന്നാലെ, ഹിന്ദു അയൽക്കാരനായ കുൽദീപ് ശർമ്മ അറഫാസിന് വീട് നിർമിക്കാനായി സ്ഥലം നൽകി.. ഞാൻ എന്റെ സഹോദരനെ നിരാശപ്പെടുത്തില്ല. എന്ത് സംഭവിച്ചാലും ഞാൻ അവരുടെ വീട് പുനർനിർമിക്കും. ഈ സ്ഥലം ഞാൻ അദ്ദേഹത്തിന് നൽകുന്നു. മൂന്ന് മർല പ്ലോട്ടിലുള്ള അദ്ദേഹത്തിന്റെ വീട് അവർ നശിപ്പിച്ചു. ഞാൻ അദ്ദേഹത്തിന് അഞ്ച് മർല പ്ലോട്ട് നൽകുന്നുവെന്നും ശർമ്മ പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്റെ അധികാരം പ്രയോഗിക്കാൻ കഴിയാത്തതിൽ ശർമ്മ വിമർശിച്ചു. മുഖ്യമന്ത്രിക്ക് ഇത്തരം പൊളിക്കലുകൾ തടയാൻ കഴിയുന്നില്ലെങ്കിൽ, സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് തന്റെ വീട് പൊളിച്ചതെന്ന് അറഫാസ് അഹമ്മദ് പറഞ്ഞു. ജമ്മു വികസന അതോറിറ്റിയുടെ (ജെഡിഎ) ഭൂമിയിലാണ് അനധികൃത നിർമ്മാണം സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ വീട് പൊളിച്ചത്. എന്നാൽ, ഇപ്പോൾ പൊളിച്ചുമാറ്റിയ വീട് 40 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും അത് തന്റെ പിതാവിന്റെ ഉടമസ്ഥതയിലാണെന്നും ഇദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം സ്വന്തം വീട് പൊളിച്ചുമാറ്റിയതിനെ തുടർന്നാണ് അദ്ദേഹം ആ വീട്ടിലേക്ക് താമസം മാറിയത്. 2022-ൽ, ജമ്മുവിൽ ഒരു ന്യൂസ് പോർട്ടൽ നടത്തുന്ന അറഫാസിനെ പട്ടണത്തിൽ ഒരു പൊളിക്കൽ പ്രവർത്തനത്തിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുൾഡോസറുകൾ ഉപയോഗിച്ച് ഡേയിംഗിന്റെ വീട് പൊളിച്ചുമാറ്റുന്നതിനിടെ പോലീസ് അദ്ദേഹത്തെ കൊണ്ടുപോകുന്നതിന്റെ വീഡിയോകൾ വൈറലായതോടെ, സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിശേഷിപ്പിച്ചു. അനുമതിയില്ലാതെ പൊളിച്ചുമാറ്റൽ നടത്തിയതിന് ലെഫ്റ്റനന്റ് ഗവർണർ നിയോഗിച്ച ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാർ ഭൂമിയിലെ കൈയേറ്റത്തെ ആരും പിന്തുണയ്ക്കുന്നില്ല. എന്നാൽ ജെഡിഎക്ക് ഒരു പ്രത്യേക സമീപനം ഉണ്ടാകരുത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
