Asianet News MalayalamAsianet News Malayalam

ഛത്തീസ്ഗഡില്‍ കൊന്ന് തള്ളിയത് മാവോയിസ്റ്റുകളെയല്ല; ഗ്രാമീണരെയെന്ന് ജുഡീഷ്വല്‍ റിപ്പോര്‍ട്ട്

വെടിവയ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളായിരുന്നില്ല, ​ഗ്രാമീണരായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അന്ന് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. 

judicial report on Chhattisgarh encounter is fake
Author
Chhattisgarh, First Published Dec 3, 2019, 12:53 PM IST

ദില്ലി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഛത്തീസ്​ഗഡില്‍ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പതിനേഴ് പേർ മാവോയിസ്റ്റുകളായിരുന്നില്ല, ​ഗ്രാമീണരായിരുന്നുവെന്ന ജുഡീഷ്വല്‍ റിപ്പോർട്ട് പുറത്ത്. 2012 ജൂൺ 28 ന് ബീജാപൂർ ജില്ലയിലെ സർകേ​ഗുഡ എന്ന പ്രദേശത്ത് വച്ചായിരുന്നു ഏറ്റുമുട്ടൽ. ഏഴ് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് വിജയകുമാർ അ​ഗർവാൾ ഈ സംഭവത്തിന്റെ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ചത്. വെടിവയ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളായിരുന്നില്ല, ​ഗ്രാമീണരായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അന്ന് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. 

മാവോയിസ്റ്റ് ​ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടതെന്ന് തെളിയിക്കാൻ സാധിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ  സുരക്ഷാസേനയ്ക്ക് സാധിച്ചിട്ടില്ല. ​ഗ്രാമീണർക്ക് നേരെയുള്ള നടപടിക്ക് കാരണമായി സുരക്ഷാ സേന നിരത്തിയ കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഒക്ടോബർ 17 നാണ് ജസ്റ്റിസ് അ​ഗർവാൾ റിപ്പോർട്ട് സമർപ്പിച്ചത്. ​ഗ്രാമീണരുടെ ഭാ​ഗത്ത് നിന്ന് വെടിവയ്പ്പുണ്ടായതിനെ തുടർന്നാണ് തിരിച്ച് വെടിയുതിർത്തത് എന്നായിരുന്നു സുരക്ഷാ സേനയുടെ അവകാശവാദം. എന്നാൽ അത്തരത്തിലൊരു ആക്രമണം നടന്നതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ സേനയ്ക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഏറ്റമുട്ടലിൽ പതിനേഴ് പേര്‌ കൊല്ലപ്പെട്ട സംഭവം വ്യാജമാണെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് അന്നത്തെ ബിജെപി സർക്കാർ ​ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചത്. അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്നും തോക്കുകളും ഉണ്ടകളും കണ്ടെടുത്തുവെന്ന വാദത്തെയും റിപ്പോർട്ട് തള്ളിക്കളയുന്നു. നീതിക്ക് വേണ്ടിയുളള ​ഗ്രാമീണരുടെ പോരാട്ടത്തിൽ വിജയിച്ചിരിക്കുന്നു എന്നാണ് ​ഗ്രാമീണർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഇഷാ ഖണ്ഡേൽവാൾ അഭിപ്രായപ്പെട്ടത്. 
 

Follow Us:
Download App:
  • android
  • ios