ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയും ജംഗിള്‍ രാജും വ്യത്യാസമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശിലെ ആദ്യ വനിത  ബാര്‍കൗണ്‍സില്‍ പ്രസിഡന്‍റ് ദര്‍വേശ് സിംഗ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആഗ്ര കോടതി പരിസരത്തുവെച്ചാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രസിഡന്‍റ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും ജംഗിള്‍രാജും യുപിയിലെ നിയമവാഴ്ചയും വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. അഭിഷാഷകനും പരിചയക്കാരനുമായ മനീഷ് ശര്‍മയാണ് ദര്‍വേശ് സിംഗിനെ വെടിവെച്ചതെന്ന് ആഗ്ര സിറ്റി അഡീഷണല്‍ എസ്പി പ്രവീണ്‍ വെര്‍മ പറഞ്ഞു.