Asianet News MalayalamAsianet News Malayalam

ജൂനിയർ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തം, അനിശ്ചിതകാല സമരമെന്ന് ഐഎംഎ, സമരത്തിന് പിന്തുണയുമായി ബോളിവുഡ്

ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ടു. ദില്ലിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും. 

Junior Doctor's Murder; Protests IMA calls indefinite strike, Bollywood actors supports strike
Author
First Published Aug 16, 2024, 5:51 AM IST | Last Updated Aug 16, 2024, 7:26 AM IST

ദില്ലി: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

അതേസമയം, കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ടു. ദില്ലിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും. 

അതേസമയം, രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കുകയാണ് ഐഎംഎ. നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ ആണ് പ്രതിഷേധം. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരോടും പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും 48 മണിക്കൂറിനുള്ളിൽ പിടികൂടിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകും ഇന്ന് ഗവർണർ സി വി ആനന്ദ ബോസ് മുന്നറിയിപ്പ് നൽകി. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ സർക്കാർ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തെ പിജി റസിഡൻ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ പങ്കുചേരും. ഒ.പിയും വാർഡ് ഡ്യൂട്ടിയും പൂർണമായി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കെജിഎംഒഎ ഈ മാസം 18 മുതൽ 31വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും. 

വയനാട് ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്, 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios